നഴ്‌സുമാരുടെ സമരം: ‘എസ്മ’ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

single-img
14 July 2017

കൊച്ചി: തിങ്കഴാഴ്ച മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം നേരിടാന്‍ എസ്മ (അവശ്യ സേവന നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സമരക്കാര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കണം. ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി നടത്തുന്ന സമരം നേരിടാന്‍ എല്ലാ മാര്‍ഗ്ഗവും ജില്ലാ പൊലീസ് മേധാവിമാര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ നഴ്മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുമെന്ന സ്ഥിതിയാകുമെന്ന് ആശുപത്രി ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എസ്മ പ്രയോഗിക്കാന്‍ കഴിയുമോ എന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകാതിരുന്നതോടെ ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സമരം തുടങ്ങിയാല്‍ ചികിത്സകള്‍ താളം തെറ്റുമെന്നും അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നുമാണ് ഒരു വിഭാഗം മാനേജ്‌മെന്റുകളുടെ നിലപാട്. അതിനാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് ഒരു വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.