Movies

‘ഈട’യില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായി നിമിഷ സജയന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിമിഷ സജയന്‍ വീണ്ടും നായികയാവുന്നു. കിസ്മത്ത്, സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗത്തിന്റെ നായികയായാണ് നിമിഷ എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ചിത്ര സംയോജകനുള്ള സംസ്ഥാന അവാര്‍ഡ് ജോതാവ് അജിത്ത് കുമാറാണ്. അജിത്ത് ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. എം.ബി.എ ബിരുദധാരിയും ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. തനിക്ക് വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് നിമിഷ പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന ‘ഈട’ എന്ന വാക്കിന് ഇവിടെ എന്നാണര്‍ത്ഥം.

ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കാലഘട്ടത്തിലെ പ്രണയം ഉള്‍പ്പെടുത്തി കൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് സംവിധായകന്‍ അജിത്ത് കുമാര്‍ പറയുന്നത്. മാത്രമല്ല എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥയാണിതെന്നും സംവിധായകന്‍ പറയുന്നു.