മൂന്നാറില്‍ വീണ്ടും റവന്യുമന്ത്രിയുടെ ഇടപെടല്‍; ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു

single-img
14 July 2017

തൊടുപുഴ: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് റവന്യുവകുപ്പ്. നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചത്. മുന്‍ കളക്ടര്‍ ശ്രീറാമിന്റെ സംഘത്തിലെ നാല് പേരെയാണ് സ്ഥലം മാറ്റിയിരുന്നത്. ജില്ലാ കളക്ടര്‍ ഇടപെട്ടായിരുന്നു സ്ഥലം മാറ്റം.

മൂന്നാറിലെ കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന് മുന്‍കൈ എടുത്ത ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സംഘത്തിലുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി എടുത്തത്. കൈയേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേരെ ഒറ്റദിവസം കൊണ്ടാണ് സ്ഥലം മാറ്റിയത്.

ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്പ് തന്നെ തൊടുപുഴയിലേക്ക് സ്ഥലംമാറ്റിയിരുന്നു. മൂന്നാര്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ കൈയേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുകയും ഹാജരാകുകയും ചെയ്തിരുന്ന സര്‍വേയര്‍ എ.ആര്‍. ഷിജു നെടുങ്കണ്ടത്തെ പഴയ തസ്തികയിലേക്ക് തിരിച്ചയച്ചു.

സംഘത്തിലെ മറ്റ് പ്രധാനികളായ ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന്‍ പിള്ള, പി.കെ. സിജു, പി.കെ. സോമന്‍ എന്നിവരും പഴയസ്ഥാനങ്ങളിലേക്ക് തിരികെപ്പോയി. ബാലചന്ദ്രന്‍ പിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫീസറായും പി.കെ. സിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കുമാണ് മാറ്റിയത്.