സ്വാശ്രയ മെഡിക്കല്‍ ഫീസുകള്‍ പുതുക്കി: എംബിബിഎസ് ജനറല്‍ സീറ്റിന് 50,000 രൂപയുടെ ഇളവ്; ബിഡിഎസ് ഫീസില്‍ വര്‍ധന

single-img
14 July 2017

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലെ ഫീസ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് ഫീസ്. ബിഡിഎസ് ഫീസ് 2.9 ലക്ഷം രൂപയും ബിഡിഎസ് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷവുമാണ് ഫീസ്.

85 ശതമാനം എംബിബിഎസ് സീറ്റുകളില്‍ നേരത്തേ നിശ്ചയിച്ചിരുന്ന 5.50 ലക്ഷം രൂപ ഫീസില്‍ 50,000 കുറവുവരുത്തിയാണ് പുതുക്കിയ ഫീസ്. എന്നാല്‍ ബിഡിഎസ് ഫീസില്‍ നാല്‍പതിനായിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശനമേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചു.

ഇതോടെ സര്‍ക്കാര്‍ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഓര്‍ഡിനന്‍സില്‍ പിഴവ് വന്നതോടെ നേരത്തെ പ്രവേശനമേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് നിര്‍ണയം അസാധു ആയി. പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയ പശ്ചാത്തലത്തില്‍ പ്രവേശനമേല്‍നോട്ട സമിതി വ്യാഴാഴ്ച യോഗം ചേര്‍ന്ന് ഫീസ് പുതുക്കി നിശ്ചയിക്കുകയായിരുന്നു.