സൗദിയിലെ ആഭ്യന്തര ഹജ്ജ് സര്‍വ്വീസുകളും നിരക്കുകളും നിര്‍ണ്ണയിച്ചു

single-img
14 July 2017

ജിദ്ദ: സൗദിയിലെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് രജിസ്‌ട്രേഷനായുള്ള ഇട്രാക്ക് സംവിധാനം ദുല്‍ഖഅദ് ഒന്നിന് തുറക്കുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. localhaj.haj.gov.sa എന്ന ലിങ്കിലൂടെയായിരിക്കും ആഭ്യന്തര തീര്‍ഥാടകകരില്‍ നിന്നും ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുക. ഹജ്ജ് നടപടികള്‍ എളുപ്പമാക്കുന്നതിനും അനുയോജ്യമായ സേവനങ്ങളും നിരക്കും എളുപ്പത്തില്‍ തെരഞ്ഞെടുക്കുന്നതിനുമാണ് സൗദി ഭരണകൂടം ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. സുരക്ഷിതമായ നിലയില്‍ ഹജ്ജിനു ആഗ്രഹിക്കുന്നവര്‍ക്ക് ഹജ്ജ് മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും ഒരു സ്ഥാപനവുമായി കരാറുണ്ടാക്കാന്‍ സാധിക്കുന്നതാണ് ഓണ്‍ലൈന്‍ സംവിധാനം. ജനറല്‍, ചെലവ് കുറഞ്ഞ ഹജ്ജ്, ലളിതം (മുയസ്സര്‍) എന്നിങ്ങനെ മന്ത്രാലയം അംഗീകരിച്ച ഹജ്ജ് കാറ്റഗറികളുടെ ബുക്കിങ്, കരാറുണ്ടാക്കല്‍ എന്നിവ ഓണ്‍ലൈന്‍ വഴിയായിരിക്കും.

തെരഞ്ഞെടുക്കുന്ന സേവനങ്ങള്‍ക്ക് ഇ പേയ്മന്റെ് സൗകര്യവുമുണ്ടാകും. മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്ന മറുപടിക്കനുസരിച്ച് തെരഞ്ഞെടുക്കുന്ന സേവനത്തിന് കാശടക്കുന്നതിന് നിശ്ചയിച്ച സമയപരിധി പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ഓണ്‍ലൈന്‍ വഴി ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര ഹജ്ജ് പദ്ധതിയെ എ1, എ2, ബി, സി, ഡി1, ഡി2, ഇ എന്നിങ്ങനെ വിവിധ ഗണങ്ങളായി തിരിക്കുകയും നിരക്ക് നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വിഭാഗത്തിലും താമസം, ഭക്ഷണം, യാത്ര എന്നീ രംഗത്ത് ലഭിക്കുന്ന സേവനങ്ങളും ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വേവ്വെറെ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും ലളിതമായ മുയസര്‍ ഹജ്ജ് പദ്ധതിയുടെ നിരക്ക് 3465 റിയാലാണ്. ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിയെ മക്കക്കകത്ത് കരാര്‍ ഒപ്പുവെക്കുന്നവര്‍, പുറത്തുവെച്ച് കരാര്‍ ഒപ്പുവെക്കുന്നവര്‍, മെട്രോ സേവനം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നവര്‍, ഭാഗിമായി ഉപയോഗപ്പെടുത്തുന്നവര്‍ എന്നിങ്ങനെ വേര്‍ത്തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും വേവ്വേറെ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.