ദിലീപ് ശരിക്കും ‘കൊച്ചി രാജാവ്’: ജില്ലയില്‍ മാത്രം 37 വസ്തുവകകള്‍; ആറ് ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍

single-img
14 July 2017

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഞെട്ടിക്കുന്ന സ്വത്ത് വിവരങ്ങള്‍ പുറത്ത്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ കേരളത്തിലെ ആറ് ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് ഉള്ളതെന്നാണ് കൈരളി പീപ്പിള്‍ പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്.

വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് താരം നടത്തിയിരിക്കുന്നത്. ഇതിനുശേഷം ഏകദേശം 27,93,34,280 രൂപയുടെ ഇടപാടാണ് ഈ രംഗത്ത് ദിലീപ് നടത്തിയത് എന്നും
കൈരളി പീപ്പിള്‍ പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കാലെടുത്തു വെക്കുന്നതാവട്ടെ 2003ലും. വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ ഇടപാടുകള്‍ ആണ് പലസ്ഥലത്തും നടന്നത്.

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം വില്ലേജിലാണ് ദിലീപിന്റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നിരിക്കുന്നത്. 2005ല്‍ ഔസേപ്പ് എന്നയാളില്‍ നിന്ന് അഞ്ച് ഏക്കര്‍ 75 സെന്റ് ഭൂമി ദിലീപ് ഒരു കോടി രൂപക്ക് വാങ്ങി. അതേ ഭൂമി 2008ല്‍ രണ്ട് കോടി നാല്‍പത്തി ഒന്‍പത് ലക്ഷം രൂപക്ക് പെഗാസ്യൂസ് റിയാലിറ്റി എന്ന കമ്പനിക്ക് വിറ്റു.

ഇടുക്കി ജില്ലയിലെ അറക്കുളം സബ്‌രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ വെളിയാമറ്റത്താണ് തൊട്ടുപിന്നിലത്തെ വലിയ ഇടപാട് നടന്നിരിക്കുന്നത്. മൂന്ന് ഏക്കര്‍ എണ്‍പത്തിയൊന്ന് സെന്റ് സ്ഥലം 69,32000 രൂപക്ക് ദിലീപ് ജേക്കബ് സെബാസ്റ്റ്യന്‍ എന്നയാളില്‍ നിന്ന് വാങ്ങി.

ദിലീപ് ഏറ്റവും കൂടുല്‍ ഭൂമി വാങ്ങിക്കൂട്ടിയത് സ്വന്തം ജില്ലയായ എറണാകുളത്താണെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. 2003ന് ശേഷം ഇവിടെ 37 വസ്തുവകകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തു. എറണാകുളം നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ അടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഒന്‍പത് വസ്തുവകകള്‍ ദിലീപിന്റെ പേരില്‍ തന്നെയാണ് ഉളളത്. മൂന്ന് സ്ഥലങ്ങള്‍ ദിലീപ് പാര്‍ട്ടണര്‍ഷിപ്പില്‍ വാങ്ങി.

മുന്‍പ് ആദായ വിലക്ക് വാങ്ങിയ പത്ത് സ്ഥലങ്ങള്‍ വാങ്ങിയതിന്റെ ഇരട്ടിയിലധികം വിലക്ക് വിറ്റു. സ്ഥലത്തിന് തീ വിലയുളള മരട് പൂണിത്തുറയില്‍ മൂന്നുകോടി ആറ് ലക്ഷം രൂപ വിലവരുന്ന ഒന്‍പത് സ്ഥലങ്ങളാണ് ആല്‍ക്കാദില്‍ ഹോട്ടല്‍സിന്റെ പേരില്‍ ദിലീപ് പാര്‍ട്ട്ണര്‍മാരോടൊപ്പം വാങ്ങിക്കൂട്ടിയത്.

താരത്തിന്റെ വസ്തു ഇടപാടുകളില്‍ എറണാകുളം കഴിഞ്ഞാല്‍ പിന്നെ രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ്. പതിനൊന്ന് വസ്തുവകകള്‍ കിഴക്കെ ചാലക്കുടിയില്‍ മാത്രം ദിലീപിന്റെ പേരില്‍ ഉണ്ട്. ഇവയില്‍ പലതിന്റെയും വിപണി വില കുറച്ചാണ് കാണിച്ചിരിക്കുന്നത്. ആലുവയില്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ 2010 ല്‍ എത്ര ഭൂമി ദിലീപും കുടുംബവും വാങ്ങി എന്നതിന്റെ കണക്ക് വ്യക്തമല്ല.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുകിട്ടാത്തതിനാല്‍ ഇന്ന് ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്റെ സഹോദരന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചതിനെ തുടര്‍ന്ന് നാളെ വൈകിട്ട് അഞ്ച് മണിവരെ താരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.

ഇതിനിടെ താരത്തിനു വേണ്ടി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹാജരായേക്കുമെന്നാണ് സൂചന. അറസ്റ്റിലായി അഞ്ച് ദിവസം കഴിഞ്ഞിട്ടും ജാമ്യം കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. നേരത്തെതന്നെ ഇതിനുള്ള നീക്കം നടന്നിരുന്നെങ്കിലും കേസിന്റെ ആദ്യ ഘട്ടത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു താരം.