കോഴിക്കോട് സ്‌കൂള്‍ വളപ്പില്‍ ഒന്‍പതാം ക്ലാസുകാരനെ കുത്തിക്കൊന്നു; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്

single-img
14 July 2017

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. നരിക്കുനി സിഎം യത്തീംഖാനയിലെ അന്തേവാസിയായ അബ്ദുള്‍ മജീദാണ് (13) കൊല്ലപ്പെട്ടത്. മടവൂര്‍ നരിക്കുനി സിഎം സെന്റര്‍ വിദ്യാര്‍ഥിയാണ് മജീദ്. ഇന്ന് രാവിലെ 11 മണിയോടെ സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. കാസര്‍കോട് സ്വദേശി ഷംസുദ്ദീന്‍ ആണ് വിദ്യാര്‍ഥിയെ കുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു.

ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് കുട്ടിയെ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ശ്രദ്ധയില്‍പെട്ട മറ്റ് വിദ്യാര്‍ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ ആളുകള്‍ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.