Kerala

‘അമ്മ’യുടെ നേതൃനിരയിലേക്ക് യുവതാരങ്ങള്‍: വന്‍ അഴിച്ചുപണി ഉടന്‍?

തിരുവനന്തപുരം: കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് വെട്ടിലായ താരസംഘടനയായ അമ്മയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. 10 വര്‍ഷമായി തുടരുന്ന നേതൃത്വം മാറി ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്നാണ് പല അംഗങ്ങളുടേയും അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നേതൃനിരയില്‍ നിന്നും പ്രമുഖര്‍ സ്വയം സ്ഥാനം ഒഴിയുമെന്നാണ് സൂചന.

വരാനിരിക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് സൂചന. വര്‍ഷങ്ങളായി പദവിയിലിരിക്കുന്നവരെ ഒഴിവാക്കി നേതൃത്വനിരയിലേക്ക് യുവതാരങ്ങളെ കൊണ്ടുവരാനാണ് സാധ്യത. നിലവില്‍ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ മാറ്റിയ സാഹചര്യത്തില്‍ പകരം പൃഥ്വിരാജിനെയോ മറ്റേതെങ്കിലും യുവതാരത്തെയോ പരിഗണിക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

മാത്രമല്ല നിലവിലെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പ്രധാന പദവികളില്‍ വനിതകള്‍ ആരുമില്ല. അമ്മ നേതൃത്വത്തില്‍ അമ്പത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് കഴിഞ്ഞ യോഗത്തില്‍ രമ്യാ നമ്പീശന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്താനും അടുത്ത എക്‌സിക്യുട്ടീവില്‍ സാധ്യതയുണ്ട്.

നിലവില്‍ ഇന്നസെന്റ് ആണ് അമ്മയുടെ പ്രസിഡന്റ്. ട്രഷറര്‍ ആയിരുന്നു ദിലീപ്. മോഹന്‍ലാലും ഗണേഷ് കുമാറും വൈസ് പ്രസിഡന്റ്മാരും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. ഇടവേള ബാബുവാണ് സെക്രട്ടറി. എന്നാല്‍ ഇവര്‍ സ്വയം പദവി ഒഴിയുമോ എന്നത് ഇതുവരെ വ്യക്തമല്ല. നേരത്തെ നടന്ന അമ്മയുടെ അടിയന്തര എക്‌സിക്യുട്ടീവ് യോഗത്തില്‍, അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണ്ടിവന്നാല്‍ സംഘടനയില്‍ ഒരു അഴിച്ചുപണി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് ജനറല്‍ സെക്രട്ടറി മമ്മൂട്ടി പറഞ്ഞിരുന്നു.

അതേസമയം കേസില്‍ അറസ്റ്റിലായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതോടെ അംഗങ്ങള്‍ക്കിടയില്‍ രണ്ടഭിപ്രായമാണ് നിലകൊള്ളുന്നതെന്നാണ് സൂചന. നേരത്തെ തന്നെ ഈ പ്രശ്‌നങ്ങള്‍ സംഘടന ഇടപെട്ട് പരിഹരിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഇത്ര വഷളാകില്ലായിരുന്നുവെന്നാണ് പല അംഗങ്ങളുടേയും അഭിപ്രായം. എന്നാല്‍ കോടതി ശിക്ഷിക്കും വരെ പ്രതിയല്ലാത്ത ദിലീപിനെ താരസംഘടനയും മറ്റ് സിനിമാ സംഘടനകളും പുറത്താക്കിയ നടപടിയില്‍ ചില അംഗങ്ങള്‍ക്കിപ്പോഴും അതൃപ്തിയുണ്ട്. ഇതിനെതിരെ അമ്മയില്‍ ദിലീപ് അനുകൂലികളെ അണിനിരത്താന്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ ചരടുവലികള്‍ നടക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്.