ചൈനയെ ഒറ്റയടിക്ക് തകര്‍ക്കാനുള്ള ആയുധം ഇന്ത്യ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക

single-img
13 July 2017

വാഷിങ്ടണ്‍: ചൈനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യ അത്യാധുനിക ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക. യു.എസില്‍ നിന്നുള്ള ഡിജിറ്റല്‍ മാസികയായ ‘ആഫ്റ്റര്‍ മിഡ്‌നൈറ്റി’ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ആണവ വിദഗ്ധരുടെ ലേഖനത്തിലാണ് ഇന്ത്യയുടെ മിസൈല്‍ വികസനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഹാന്‍സ് എം.ക്രിസ്റ്റെന്‍സെന്‍, റോബര്‍ട്ട് എസ്.നോറിസ് എന്നിവരാണ് ‘ഇന്ത്യന്‍ നൂക്ലിയര്‍ ഫോഴ്‌സസ് 2017’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ബേസുകളില്‍നിന്നും ചൈനയെ ലക്ഷ്യമിട്ട് ആണവ സംവിധാനം ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ലേഖനം വ്യക്തമാക്കുന്നു. ആണവായുധത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ 600 കിലോ പ്ലൂട്ടോണിയം ഇന്ത്യ നിര്‍മിച്ചിട്ടുണ്ടെന്നാണു വിവരം. 150 മുതല്‍ 200 വരെ ആണവായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ പ്ലൂട്ടോണിയം കൈവശമുണ്ടെങ്കിലും, 120-130 വരെ ആണവായുധങ്ങളേ ഇതുവരെ ഇന്ത്യ നിര്‍മിച്ചിട്ടുണ്ടാവുകയുള്ളുവെന്നും ലേഖനത്തില്‍ പറയുന്നു.

പാകിസ്താനെ ലക്ഷ്യം വെച്ചാണ് ഇന്ത്യ ആണവനയം രൂപീകരിച്ചതെങ്കിലും നിലവിലുള്ള ആണവ സംവിധാനം ആധുനികവല്‍ക്കരിക്കാനുള്ള ഈ നീക്കങ്ങള്‍ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ്. നിലവില്‍ ഏഴ് ആണവ സംവിധാനങ്ങളാണ് ഇന്ത്യ നിര്‍മിക്കുന്നത്. രണ്ടു വിമാനങ്ങളും നിലത്തുനിന്നു തൊടുക്കാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കടലില്‍നിന്നു വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലുമാണ് ഇന്ത്യ നിര്‍മിക്കുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു.

ഇതുകൂടാതെ നാല് സംവിധാനങ്ങള്‍ക്കൂടി ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. കടലില്‍ നിന്നും കരയില്‍ നിന്നും വിക്ഷേപിക്കാവുന്ന അതിദൂര മിസൈലുകളാണത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവ സേനയുടെ ഭാഗമാക്കി വിന്യസിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.