അന്താരാഷ്ട്ര നേട്ടം കൈവരിച്ച് തിരുവനന്തപുരം വിമാനത്താവളം

single-img
13 July 2017

തിരുവനന്തപുരം: ആഗോളതലത്തില്‍ വിമാനത്താവളങ്ങള്‍ക്ക് നടപ്പാക്കിയിട്ടുള്ള അയാട്ട കോഡിംഗ് സംവിധാനം ശില്‍പമാക്കി പ്രദര്‍ശിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ വിമാനത്താവളമെന്ന അന്താരാഷ്ട്ര നേട്ടം കൈവരിച്ച് തിരുവനന്തപുരം വിമാനത്താവളം. ലോകത്ത് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിനു മാത്രമുള്ള ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരം .

ജൂലയ് 29ന് വൈകിട്ട് 5.30ന് ശശിതരൂര്‍ എം.പി അന്താരാഷ്ട്ര കോഡിംഗ് സ്തൂപം വിമാനത്താവള അതോറിട്ടിക്ക് കൈമാറും. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിലുള്ള മേല്‍പ്പാലം ഇറങ്ങിവരുന്നിടത്താണ് സ്തൂപം പണിതത്. ഇനി ലോകത്തിനു മുന്നില്‍ തിരുവനന്തപുരത്തിന്റെ അടയാളമായിരിക്കും വിമാനത്താവളത്തിനു മുന്നിലെ ഈ സ്തൂപം എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

ടി.ആര്‍.വി എന്നതാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര കോഡ്. ഈ അക്ഷരങ്ങള്‍ 14അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ശില്‍പ്പമാക്കി ടൈലുകള്‍ പാകി മനോഹരമാക്കിയിട്ടുണ്ട്. പ്ലെയിന്‍ സ്‌പോട്ടേഴ്‌സ് എന്ന സന്നദ്ധസംഘടനയാണ് ഈ അഭിമാന നേട്ടം യാഥാര്‍ത്ഥ്യമാക്കുന്നതിനു പിന്നില്‍. നിര്‍മ്മാണത്തിനു വേണ്ടിവന്ന നാലുലക്ഷം രൂപ സമാഹരിച്ചതും ഇവര്‍ തന്നെയാണ്. നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ച് ശശിതരൂര്‍ എം.പിയും സ്തൂപത്തിന് സ്ഥലം അനുവദിച്ച് വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ്ജ് ജി. തരകനും പിന്തുണ നല്‍കി.

ലോകത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും കോഡിംഗുണ്ട്. ആശയവിനിമയത്തിന് ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഈ കോഡാണ്. എല്‍.എ.എക്‌സ് എന്നാണ് ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിന്റെ കോഡിംഗ്. അവിടെ സ്റ്റീലില്‍ സ്തൂപമുണ്ടാക്കി വര്‍ണവിളക്കുകള്‍ തെളിച്ച് മനോഹരമാക്കിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സ് വിമാനത്താവള അതോറിട്ടിയാണ് സ്തൂപത്തിന് പണം മുടക്കിയത്. അവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ സ്തൂപവും അതിനു ചുറ്റുമുള്ള പ്രദേശവും.

പക്ഷേ തിരുവനന്തപുരത്ത് കടലിനോട് ചേര്‍ന്നുള്ള വിമാനത്താവളത്തില്‍ സ്റ്റീലുപയോഗിച്ച് നിര്‍മ്മാണം സാദ്ധ്യമായിരുന്നില്ല. അതിനാലാണ് കോണ്‍ക്രീറ്റില്‍ സ്തൂപം പണിതീര്‍ത്തതെന്ന് പ്ലെയിന്‍ സ്‌പോട്ടേഴ്‌സ് തലവന്‍ പ്രകാശ് ശങ്കര്‍ പറഞ്ഞു. വെള്ളക്കെട്ടുള്ള സ്ഥലമായിരുന്നതിനാല്‍ ശക്തമായ അടിത്തറയും വേണ്ടിവന്നു. ടൈലുകള്‍ പതിച്ച് മനോഹരമാക്കിയ സ്തൂപത്തിനു ചുറ്റും ചെറിയ പൂന്തോട്ടവും സജ്ജമാക്കി. പല നിറങ്ങളിലെ എല്‍.ഇ.ഡി വിളക്കുകളാല്‍ സ്തൂപം പ്രകാശപൂരിതമാക്കും. ഏത് പ്രതികൂല കാലാവസ്ഥയിലും നൂറുവര്‍ഷം നിലനില്‍ക്കുന്ന തരത്തിലാണ് സ്തൂപത്തിന്റെ നിര്‍മ്മാണം.

‘വര്‍ണവിളക്കുകളാല്‍ അലങ്കരിച്ച അന്താരാഷ്ട്ര കോഡിംഗ് സ്തൂപം തിരുവനന്തപുരത്തിന്റെ അടയാളമായി മാറും. വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഫോട്ടോയെടുക്കാനും മറ്റുമായി സെല്‍ഫി സ്‌പോട്ട് ഇവിടെ സജ്ജമാക്കും. ഉദ്യാനവും സ്തൂപവും പരിപാലിക്കേണ്ടത് വിമാനത്താവള അതോറിട്ടിയാണ്. കനകക്കുന്നിലേതു പോലെ ദേശീയപതാക വഹിക്കുന്ന വലിയ കൊടിമരവും വിമാനത്താവളത്തിനു മുന്നില്‍ സജ്ജമാക്കും.

100അടി ഉയരത്തിലെ കൊടിമരത്തിന് വിമാനത്താവള അതോറിട്ടി എന്‍.ഒ.സി നല്‍കി. ഈമാസം അവസാനത്തോടെ കൊടിമരം പൂര്‍ത്തിയാവും. എല്ലാസമയവും ദേശീയപതാക വഹിക്കുന്ന കൊടിമരമാണിത്. സെല്‍ഫി സ്‌പോട്ടും യാത്രക്കാരുടെ ആകര്‍ഷണ കേന്ദ്രവുമായി അന്താരാഷ്ട്ര കോഡിംഗ് സ്തൂപം മാറും. ഉദ്യാനവും ലൈറ്റിംഗും വിമാനത്താവള അതോറിട്ടി പരിപാലിക്കുമെന്നും” എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ്ജ് ജി.തരകന്‍ പറഞ്ഞു.