‘ചിന്നമ്മ’യ്‌ക്ക് തടവറ സുഖവാസകേന്ദ്രം: പ്രത്യേക അടുക്കള, ആഹാരം, സേവകരായി തടവുകാര്‍…

single-img
13 July 2017

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട എഐഎഡിഎംകെ നേതാവും മരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയുമായ വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത് വിഐപി പരിചരണമെന്ന് ആരോപണം. കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഡി രൂപയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വന്തമായി ഭക്ഷണം പാകംചെയ്യാനായി പ്രത്യേക അടുക്കളയും സഹായികളായി രണ്ട് തടവുപുള്ളികളെയും ജയിലില്‍ സൗകര്യം ചെയ്തു നല്‍കുന്നുണ്ടെന്നാണ് ഡിഐജി രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈക്കൂലി കൈപ്പറ്റിയ ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നത് കൊണ്ട് എല്ലാ ദിവസവും പ്രത്യേക അടുക്കളയില്‍ പ്രത്യേക ജീവനക്കാര്‍ പാകം ചെയ്യുന്ന ആഹാരമാണ് ശശികലയ്ക്ക് ലഭിക്കുന്നത്. വനിതാ സെല്ലിന് അടുത്തായാണ് ശശികലയ്ക്ക് വേണ്ടിയുള്ള പ്രത്യേക അടുക്കള. ജയില്‍ മെനുവിലില്ലാത്ത പ്രത്യേക ആഹാരമാണ് ഇവിടെ ശശികലയ്ക്ക് വേണ്ടി തയ്യാറാക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിജിപി സത്യനാരായണ റാവു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശശികല വന്‍തുക കൈക്കൂലി നല്‍കി. ഒരു കോടി രൂപ റാവുവിനും ഒരു കോടി മറ്റ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. നിയമവിരുദ്ധമായി സൗകര്യങ്ങള്‍ അനുവദിച്ച് കിട്ടുന്നതിന് ജയില്‍ ഡിജിപിക്ക് മുതല്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന് വരെ ശശികല തുക കൈമാറിയെന്നും രൂപ പറയുന്നു.

അതേസമയം മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട അബ്ദുള്‍ കരീം തെല്‍ഗിക്കും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്ന തെല്‍ഗിയെ ശുശ്രൂഷിക്കാനെന്ന പേരില്‍ തടവുകാരെ അടിമകളെ പോലെ ഉപയോഗിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടും നടപടിയെടുക്കാന്‍ ജയില്‍ സൂപ്രണ്ട്്് തയാറാകുന്നില്ലെന്നും രൂപ പറഞ്ഞു.

അതേസമയം 25 തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ 18 പേര്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ജയില്‍ ഡിജിപി പറഞ്ഞു. ജയില്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദ്യങ്ങള്‍ മുന്‍പും ഉയര്‍ന്നുവന്നിട്ടുണ്ട്. വി കെ ശശികലയുടെ സന്ദര്‍ശകരുടെ എണ്ണം കൂടുതലായി അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ അധികംപേരും സന്ദര്‍ശന സമയം കഴിഞ്ഞാണ് ശശികലയെ കാണാന്‍ വരാറുള്ളത്. ഇതും ജയിലില്‍ അനുവദനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ഡിജിപി റാവു തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോയ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍ ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊലീസ് ഡിജിപി തള്ളിക്കളഞ്ഞു. അത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും അസംബന്ധമാണെന്നുമാണ് ഡിജിപി റാവുവിന്റെ മറുപടി. മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ നിന്നും വിട്ട് നിന്നു എന്ന് ആരോപിച്ച് ഡി രൂപയ്ക്ക് മെമോ നല്‍കിയിട്ടുണ്ടെന്നും അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റാവു പറഞ്ഞു.