ഇനി പ്ലാച്ചിമടയിലേക്കില്ലെന്ന് കൊക്കക്കോള കമ്പനി: പ്ലാച്ചിമടയിലെ പ്ലാന്റ് തുറക്കില്ല

single-img
13 July 2017

ന്യൂഡല്‍ഹി: ജനകീയ സമരത്തെ തുടര്‍ന്ന് പ്ലാച്ചിമടയില്‍ അടച്ചുപൂട്ടേണ്ടി വന്ന പ്ലാന്റ് ഇനി തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കക്കോള കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിച്ചപ്പോഴായിരുന്നു കമ്പനി നിര്‍ണായക നിലപാട് അറിയിച്ചത്. പ്ലാന്റ് വീണ്ടും തുടങ്ങുന്നതിന് പഞ്ചായത്ത് അനുമതി നിഷേധിച്ചതിനെ കമ്പനി ചോദ്യം ചെയ്തില്ല. പെരുമാട്ടി പഞ്ചായത്തായിരുന്നു പ്ലാന്റ് വീണ്ടും തുടങ്ങുന്നതിന് അനുമതി നിഷേധിച്ചിരുന്നത്.

വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് പ്ലാച്ചിമടയില്‍ കൊക്കൊകോള പ്ലാന്റിനെതിരെ നടന്നിരുന്നത്. 2000ലാണ് കൊക്കകോള കമ്പനി പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങിയത്. പ്ലാന്റുകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ കൊക്കകോള പാനീയങ്ങളുടെ നിര്‍മാണം മൂലം വന്‍തോതില്‍ ജലമലിനീകരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പ്രദേശവാസികളെ കൊക്കകോള കമ്പനിക്കെതിരെ തിരിച്ചു.