ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ മൂന്നാറില്‍ കൂട്ട സ്ഥലംമാറ്റം: കയ്യേറ്റ മാഫിയക്കെതിരേ നടപടിയെടുത്ത ഉദ്യോഗസ്ഥരെ മാറ്റി

single-img
13 July 2017

മൂന്നാര്‍: മൂന്നാറില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മൂന്നാറിലെ കയ്യേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കയ്യേറ്റമൊഴിപ്പിക്കലിനും കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനും നിയോഗിക്കപ്പെട്ട ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന്‍പിള്ള, പി.കെ. ഷിജു, പി.കെ. സോമന്‍, ആര്‍.കെ. സിജു എന്നിവരെയാണു സ്ഥലം മാറ്റിയത്.

ബാലചന്ദ്രന്‍ പിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കും ആര്‍.കെ. സിജുവിനെ നെടുങ്കണ്ടം സര്‍വേ സൂപ്രണ്ട് ഓഫിസിലേക്കുമാണു മാറ്റിയത്. കൊട്ടക്കാമ്പൂര്‍, പാപ്പാത്തിച്ചോല, സിപിഐ ഓഫിസിന് സമീപത്തെ ലവ് ഡെയ്‌ലല്‍ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമാണ്.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് റവന്യൂ വകുപ്പിന്റെ നടപടി. സബ്കലക്ടറുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ റവന്യുവകുപ്പ് ശേഖരിച്ചിരുന്നു. 12 ഉദ്യോഗസ്ഥരാണ് ഓഫിസിലുള്ളത്. ഇവരെ കൂട്ടത്തോടെ മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് റവന്യുവകുപ്പിലെ ഉന്നതങ്ങളിലെ നീക്കമെന്നാണു സൂചന. ഇന്നലെയാണ് സബ് കളക്ടര്‍ സ്ഥാനം ഒഴിഞ്ഞ് പോകുന്ന ശ്രീറാം വെങ്കിട്ടരാമന് യാത്രയയപ്പ് നല്‍കിയത്. എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്.