പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കാവ്യാ മാധവന്‍: ‘താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല’

single-img
13 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ ചോദ്യം ചെയ്തു. ഇന്ന് രാവിലെ രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. പൊലീസുകാര്‍ക്ക് മുന്‍പില്‍ കാവ്യ പല തവണ പൊട്ടിക്കരഞ്ഞതായാണ് വിവരങ്ങള്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കാവ്യ ചോദ്യം ചെയ്യലിലുടനീളം സ്വീകരിച്ചത്. കൈരളി പീപ്പിളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

തിരുവനന്തപുരത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വീഡിയോ കോണ്‍ഫറന്‍സിലൂടെ കാവ്യയെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ബെഹ്‌റയുടെ ചോദ്യത്തിന് മുന്നില്‍ കാവ്യ പതറി. ദിലീപിനേയും ലോക്‌നാഥ് ബെഹ്‌റ സമാന രീതിയില്‍ ചോദ്യം ചെയ്തിരുന്നു. കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്തു. കേസിലെ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്.

കാവ്യയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്തായാലും കാവ്യയുടെ ചോദ്യം ചെയ്യല്‍ അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കുകയാണ്. അതേസമയം അന്വേഷണ സംഘം കാവ്യയുടെ സഹോദരനേയും സഹോദര ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കാവ്യയുടേയും അമ്മയുടെയും മൊഴികളുടെ പശ്ചാത്തലത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

നടിയെ ആക്രമിച്ച സുനിയും സംഘവും പിന്നീട് കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ നടത്തിപ്പുകാരായ കാവ്യയുടെ സഹോദരനിലേക്കും സഹോദര ഭാര്യയിലേക്കും അന്വേഷണം നീളുന്നത്.

എല്ലാം അതീവ രഹസ്യ സ്വഭാവത്തോടെ വേണമെന്ന് പൊലീസിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് കാവ്യയുടെ ചോദ്യം ചെയ്യലും അതീവ രഹസ്യ സ്വഭാവത്തിലായത്.