കൂവി തോല്‍പ്പിക്കാനാവില്ല മക്കളെ!: ദിലീപിനായി ‘സൈബര്‍ പോരാളികള്‍’ രംഗത്ത്‌

single-img
13 July 2017

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ സോഷ്യല്‍ മീഡിയയില്‍ വലിച്ചു കീറുന്ന ട്രോളര്‍മാര്‍ ജാഗ്രതൈ!. നിങ്ങളുടെ പോസ്റ്റുകള്‍ ‘അവര്‍’ തകര്‍ത്തേക്കാം. പോസ്റ്റിനു താഴെ എന്ത് വൃത്തികേടും പ്രത്യക്ഷപ്പെട്ടേക്കാം. അതെ ദിലീപിനായി ‘സൈബര്‍ പോരാളികള്‍’ തയ്യാറെടുത്തു കഴിഞ്ഞു. ദിലീപിനെതിരെ വരുന്ന ഏത് വാര്‍ത്തകളും ട്രോളുകളും തകര്‍ക്കാനാണ് ഇവരുടെ പരിപാടി.

ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്‌ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ താരത്തിനെ ചുറ്റിപറ്റിയുള്ള ട്രോളുകള്‍ ഇപ്പോള്‍ ചീറി പായുകയാണ്. ഇതിനു പുറമെ താരത്തിന്റെ എട്ടു നിലയില്‍ പൊട്ടിയ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലെ തമാശരംഗങ്ങളും ട്രോളുകളായി സോഷ്യല്‍ സൈറ്റുകളില്‍ കറങ്ങുന്നുണ്ട്. ദിലീപ് അറസ്റ്റിലായ ദിവസം ജനപ്രിയന്‍ അങ്ങനെ ജയില്‍പ്രിയനായിയെന്നും ദിലീപിന്റെ ഹോട്ടലായ ദേ പുട്ട് ആളുകള്‍ അടിച്ചുതകര്‍ത്തപ്പോള്‍ ‘ദേ പെട്ടു’വെന്നും ട്രോളര്‍മാര്‍ കളിയാക്കിയിരുന്നു.

ഇനി ഇത്തരത്തില്‍ ഒരു ട്രോളും ഇറങ്ങില്ലെന്ന് ഉറപ്പു വരുത്തലാണ് ഇവരുടെ ലക്ഷ്യം. ഇതിനായി ഫാന്‍സ് അസോസിയേഷനാണ് സൈബര്‍ പോരാളികളെ രംഗത്ത് എത്തിച്ചിരിക്കുന്നത്. ദിലീപിന്റെ ഫാന്‍സ് അസോസിയേഷനല്ലേ അതില്‍ ചുരുക്കം അംഗങ്ങള്‍ മാത്രമല്ലേയുള്ളൂ.. അവന്മാര്‍ വിചാരിച്ചാല്‍ എന്ത് നടക്കും എന്നൊന്നും വിചാരിച്ച് പുച്ഛിച്ച് തള്ളരുത്. കാര്യം നിസ്സാരമല്ല.

ദിലീപിന്റെ മാത്രമല്ല പല മുതിര്‍ന്ന താരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകളുടെ അംഗങ്ങള്‍ ഒരുമിച്ചാണ് ഇതിന് ഇറങ്ങി തിരിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപിനെ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് താരസംഘടനയും മറ്റ് സിനിമാ സംഘടനകളും കയ്യൊഴിഞ്ഞതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത്എത്തിയിരുന്നു. ഇവരുടെ ആശിര്‍വാദത്തോടെയാണ് സൈബര്‍ പോരാളികളുടെ രംഗപ്രവേശം എന്നാണ് സൂചന.

കോടതി ശിക്ഷിക്കുന്നവരെ ദിലീപിനെ കയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. അതുകൊണ്ടുതന്നെ ദിലീപിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഡാലോചനയാണ് എന്ന് വരുത്തി തീര്‍ക്കലും സൈബര്‍ പോരാളികളുടെ ലക്ഷ്യമാണ്.

സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും കുറച്ച് ദിവസങ്ങളായി മുന്നില്‍ നില്‍ക്കുന്ന വിഷയം ദിലീപ് തന്നെയാണ്. ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെയാണ് ദിലീപ് മുന്നിലെത്തിയത്. മുന്‍പ് ദിലീപ് കാവ്യ വിവാഹവും ഇത്തരത്തില്‍ ട്രെന്‍ഡിങ്ങില്‍ തിളങ്ങിയിരുന്നു. വിദേശത്തുള്ളവരാണ് ദിലീപിന്റെ വാര്‍ത്തകള്‍ കൂടുതലും ഗൂഗിളില്‍ തെരയുന്നത്.