Latest News

ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്ന് ആക്രമണത്തിനിരയായ നടി; ‘വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു’

തൃശൂര്‍: ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആക്രമണത്തിനിരയായ നടി. തനിക്ക് പ്രതിചേര്‍ക്കപ്പെട്ട ആരുമായും ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഇല്ലെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ നടി വ്യക്തമാക്കി.

പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു. അത് കുറച്ചുനാളുകള്‍ക്ക് ശേഷം ഇല്ലാതാകുകയും ചെയ്തു. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതല്ലാതെ മറ്റു ബിസിനസ് ബന്ധങ്ങള്‍ ആരുമായും ഉണ്ടായിട്ടില്ല. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞതെന്നും നടി പറഞ്ഞു.

ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഇല്ലാത്തതുകൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ഓരോ വിഡിയോകളും അക്കൗണ്ടുകളും തന്റെ അറിവോടെയല്ല എന്നും നടി വ്യക്തമാക്കി. എന്നെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ ആണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരുകയും വേണമെന്നാണ് എന്റെ ആഗ്രഹമെന്നും നടി കൂട്ടിച്ചേര്‍ത്തു.

നടിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വളരെ നിര്‍ഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധതയോടെ കേരള പോലീസിനെ അറിയിക്കുകയും അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്.

വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഇത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാന്‍.

ഞങ്ങള്‍ തമ്മില്‍ പിന്നീട് ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിയ്ക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്. തന്നെ കള്ളകേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതും എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതില്‍ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം ഞാനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകള്‍ ഉണ്ടെന്നുള്ളതാണ്. അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങള്‍ തമ്മിലില്ല.

ഇത് ഞാന്‍ മുന്‍പ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കില്‍ അതിനുള്ള ഉത്തരം അതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തതു കൊണ്ട് ആ വാര്‍ത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നതുകൊണ്ട് പറയണമെന്ന് തോന്നി. ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാല്‍ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്.

ഫേസ്ബുക്, ട്വിറ്റെര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഞാനില്ലാത്തതു കൊണ്ട് എന്റെ പേരില്‍ പ്രചരിക്കുന്ന ഓരോ വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാന്‍ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു എന്ന് ഒരിക്കല്‍ കൂടി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.