ആരാധനക്കും കൂവലിനും തമ്മില്‍ വലിയ അന്തരമില്ല; ദിലീപിനു കിട്ടിയ കൂവലിനെ കുറിച്ച് ബാലചന്ദ്ര മേനോന്‍

single-img
13 July 2017

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടിയെ പിന്തുണച്ചും നടന്‍ ദിലീപിനു ലഭിക്കുന്ന നാട്ടുകാരുടെ അസഭ്യ വര്‍ഷവും കൂവലിനേയും കുറിച്ചും നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ദിലീപ് കുറ്റാരോപിതനായതിനാല്‍ നിയമത്തിന്റെ അനുശാസനത്തിനു വിധേയനാണ്. ജനപ്രിയനായി നാട്ടുകാരെ ചിരിപ്പിച്ച നല്ല ദിനങ്ങളെ നന്ദിപൂര്‍വ്വം ഓര്‍ത്തുകൊണ്ട് വരാന്‍ പോകുന്ന വിധിയുടെ പകര്‍പ്പിനു വേണ്ടി കാത്തിരിക്കാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, നാല്‍പ്പതു വര്‍ഷങ്ങളായുള്ള എന്റെ സിനിമാ ജീവിതത്തില്‍ ഇതാദ്യമായി ഒരു സഹപ്രവര്‍ത്തകക്ക് ഇങ്ങനെ നീചമായ ഒരു ദുരന്തം അതും സിനിമാരംഗത്തുനിന്നും ഉണ്ടായതില്‍ ഞാന്‍ വേദനിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ കാട്ടിയ സമചിത്തതയെയും മനോധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്തു.

സിനിമയില്‍ ആരാധനയ്ക്കും കൂവലിനും തമ്മില്‍ വലിയ അന്തരമില്ല. ജനപ്രിയ നായകന്‍ എന്ന് വാഴ്ത്തിയവര്‍ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആരാധനാകഥാപാത്രം വില്ലന്റെ മേലങ്കി പൊടുന്നനെ അണിഞ്ഞതായി തോന്നിയപ്പോള്‍ കൂട്ടമായി കൂവിയതിനെ ദിലീപ് അതിന്റെ അര്‍ഥത്തില്‍ കാണുന്നതായിരിക്കും ഉചിതം. ഇത് ദിലീപിനു മാത്രം സംഭവിച്ച ഒരു പുതിയ സംഭവമായി ആരും കാണില്ല. ഇഷ്ട്ജനങ്ങളുടെ കൂവല്‍ കേള്‍ക്കുമ്പോാള്‍ ഉള്ള വേദന ഞാനും മുമ്പ് അനുഭവിച്ചിട്ടുണ്ടെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

സിനിമകള്‍ കണ്ടു ശീലിച്ച പ്രേക്ഷകര്‍ ജീവിതത്തിലും നായകന് വേണ്ടി മാത്രമേ കൈയടിക്കൂ എന്ന് ബാലചന്ദ്ര മേനോന്‍ കുറിക്കുന്നു. ഒപ്പം ദിലീപിനൊപ്പം അഭിനയിച്ച ഇഷ്ടം എന്ന ചിത്രത്തിലെ ഒരു രംഗവും ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ദിലീപിനെ സംബന്ധിച്ചു നടന്നതായി കേള്‍ക്കുന്നതും അതിന്റെ പേരില്‍ ജനം അപഹസിക്കുന്നതും ഒറ്റപ്പെടുത്തുന്നതും കഞ്ചാവ് കൊലപാതക പ്രതികള്‍ക്കൊപ്പം ഒരു സെല്ലില്‍ നിലത്തു കിടന്നുറങ്ങേണ്ടി വരുന്നതൊക്കെ എല്ലാര്‍ക്കുമെന്ന പോലെ എന്നിലും വേദന ഉളവാക്കുന്നുണ്ടെന്നും എന്നാല്‍ ഉപ്പു തിന്നിട്ടുണ്ടങ്കില്‍ വെള്ളം കുടിച്ചല്ലേ പറ്റുവെന്നും ബാലചന്ദ്ര മേനോന്‍ കൂട്ടിച്ചേര്‍ത്തു.