സര്‍ക്കാര്‍ വാദം പൊളിഞ്ഞു: ആയുര്‍വേദ മരുന്നുകള്‍ക്കും വില കൂടി

single-img
13 July 2017

കോഴിക്കോട്: പന്ത്രണ്ടു ശതമാനം ജിഎസ്ടി നിലവില്‍ വന്നതോടെ ആയുര്‍വേദ മരുന്നുകള്‍ക്കും വിലകൂടി. അരിഷ്ടം, ആസവം എന്നിവയ്ക്കും കഷായം ഉള്‍പ്പെടെയുള്ള ജനറിക് മരുന്നുകള്‍ക്കുമാണ് നികുതിവര്‍ധന കൂടുതല്‍ ബാധകമാവുക. അഞ്ചുശതമാനം വാറ്റ് മാത്രമുണ്ടായിരുന്ന അരിഷ്ടാസവങ്ങള്‍ക്ക് ഏഴുശതമാനവും ജനറിക് മരുന്നുകള്‍ക്ക് അഞ്ചര ശതമാനവുമാണ് നികുതി കൂടിയത്.

ഇതിനൊപ്പം സിറപ്പ്, ആയുര്‍വേദ സോപ്പുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 2.4 ശതമാനം നികുതി അധികമായി. പരസ്യംനല്‍കി വില്‍ക്കുന്ന മരുന്നുകളുടെ നികുതി മാത്രമാണ് കുറഞ്ഞത്. അത് 13ല്‍ നിന്ന് 12 ശതമാനമായി. ഇതോടെ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ആയുര്‍വേദ മരുന്നുകള്‍ക്ക് വിലകുറയുമെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്.

അഞ്ച് ശതമാനം വാറ്റും രണ്ടുശതമാനം കേന്ദ്രസംസ്ഥാന എക്‌സൈസ് നികുതികളുമാണ് ആയുര്‍വേദ മരുന്നുകള്‍ക്കുണ്ടായിരുന്നത്. ഇതില്‍ത്തന്നെ കൂടുതല്‍ മരുന്നുകള്‍ക്കും വാറ്റ് മാത്രമേയുള്ളൂ. ഇവിടെ ഉത്പാദിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന മരുന്നുകള്‍ക്കാണ് സെന്‍ട്രല്‍ എക്‌സൈസ് നികുതി ചുമത്തിയിരുന്നത്.

ആല്‍ക്കഹോളിന്റെ അളവ് കൂടിയവയ്ക്കാണ് സംസ്ഥാന എക്‌സൈസ് തീരുവ. ഇതില്‍ത്തന്നെ പരമാവധി വിലയുടെ 35 ശതമാനം എക്‌സൈസ് തീരുവ ഇളവു നല്‍കിയിരുന്നു. അതുകൊണ്ട് ഒന്നര ശതമാനമേ എക്‌സൈസ് തീരുവ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല എം.ആര്‍.പി.യെക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ കഴിയാത്തതിനാല്‍ മരുന്നു ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തന്നെയാണ് എക്‌സൈസ് തീരുവയുടെ ബാധ്യത വഹിച്ചിരുന്നത്. ഇത് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നില്ല.

എന്നാല്‍ 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ രോഗികള്‍ ഈ അധിക ബാധ്യത മുഴുവന്‍ വഹിക്കണം. പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ക്കുള്‍പ്പെടെ 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് വലിയരീതിയില്‍ ബാധിക്കുമെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല ജനറല്‍ മാനേജര്‍ കെ.എസ്. മണി പറഞ്ഞു. അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം ലോറി വാടക കൂടിയതും ആയുര്‍വേദ മേഖലയെ ബാധിക്കുമെന്ന് മരുന്നുവിതരണക്കാര്‍ പറയുന്നു. ലോറിവാടകയ്ക്കു പുറമേ 18 ശതമാനം ജി.എസ്.ടിയും നല്‍കണം. ഇതും അധികബാധ്യതയാണ്. അതേസമയം ചെറുകിട ഏജന്‍സികളില്‍ പലര്‍ക്കും ജിഎസ്ടി സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. പഴയ സ്റ്റോക്കുള്ളവര്‍ എംആര്‍പി വിലയാണ് ഈടാക്കുന്നത്. വിലകൂടുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ അറിയിപ്പു കിട്ടിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.