ദിലീപിനെ കൈവിടാതെ ‘അമ്മ’യിലെ ‘വല്ല്യേട്ടന്മാര്‍’: ദിലീപ് അനുകൂലികളെ അണിനിരത്താന്‍ ചരടുവലികള്‍

single-img
13 July 2017

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തുവെങ്കിലും അമ്മയിലെ പല മുതിര്‍ന്ന അംഗങ്ങളും ഇപ്പോഴും താരത്തെ പിന്തുണക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കുറ്റാരോപിതന്‍ മാത്രമായ നടനെ കോടതി വിധി വരും മുമ്പ് മാധ്യമങ്ങളും പൊതുജനങ്ങളും വേട്ടയാടുകയാണെന്ന ആരോപണവുമായി നടന്‍ സിദ്ദീക്ക് ഇന്നലെ പരസ്യമായിത്തന്നെ രംഗത്തു വരികയുണ്ടായി. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സിദ്ദീക്ക് ഉന്നയിച്ചത്. അമ്മയില്‍ ദിലീപ് അനുകൂലികളെ അണിനിരത്താന്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ ചരടുവലികള്‍ നടക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍്.

കോടതി വിധി വരുന്നതിന് മുമ്പുതന്നെ താരസംഘടനയും മറ്റ് സിനിമാ സംഘടനകളും ദിലീപിനെ കയ്യൊഴിഞ്ഞതില്‍ എതിര്‍പ്പുമായി അമ്മയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. അറസ്റ്റിലായപ്പോള്‍ തന്നെ താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കുകയും സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റും, മാധ്യമവാര്‍ത്തകളും പൊതുബോധവും പരിഗണിച്ച് സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി ശരിയായില്ലെന്നും കോടതി ശിക്ഷിക്കുംവരെ കാത്തിരിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്.

ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ അടിയന്തര എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. പക്ഷേ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കോടതി ശിക്ഷിച്ചാല്‍ മാത്രം പുറത്താക്കല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നു വേണ്ടതെന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും സംഘടനയിലും ഉള്ള ചില അംഗങ്ങളുടെ നിലപാട്.

ഇനി ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്‍ സിദ്ദീക്കിന്റെ നേതൃത്വത്തില്‍ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന. താരസംഘടനയില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള വിഷയവും തുടര്‍യോഗത്തില്‍ ചര്‍ച്ചയാകും. ദിലീപിനെ പുറത്താക്കിയതും നേതൃമാറ്റവും ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ചയാണ് അമ്മ എക്‌സിക്യുട്ടീവ് ചേരാനിരുന്നത്. എന്നാല്‍ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയിലായതിനാല്‍ യോഗം മറ്റൊരു തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നിലവില്‍ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ മാറ്റിയ സാഹചര്യത്തില്‍ പകരം പൃഥ്വിരാജിനെയോ യുവതാരങ്ങളെയോ പരിഗണിക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാല്‍ ട്രഷറര്‍ സ്ഥാനമോ, വര്‍ക്കിംഗ് പ്രസിഡന്റ് എന്ന പുതുതായി സൃഷ്ടിക്കുന്ന പദവിയോ സിദ്ദീക്കിന് നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുമെന്നാണ് സൂചന. കോടതി ശിക്ഷിക്കുംവരെ ദിലീപിനെതിരായ മാധ്യമവിചാരണയും പരസ്യപ്രസ്താവനകളും അനുവദിക്കരുതെന്നുമാണ് ഈ വിഭാഗത്തിന്റെ നിലപാട്. രാഷ്ട്രീയ നേതൃത്വത്തെയും ഇക്കാര്യത്തിലുള്ള വിയോജിപ്പ് അറിയിക്കാന്‍ അമ്മ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടേക്കും.

പ്രസിഡന്റ് സ്ഥാനത്തേക്ക് ബാലചന്ദ്രമേനോനെ നിര്‍ദ്ദേശിക്കാനും ജനറല്‍ സെക്രട്ടറി പദവിയിലേക്ക് സിദ്ദീക്കിനെ എത്തിക്കാനുമാണ് ഇവര്‍ ആലോചിക്കുന്നത്. താരസംഘടനയുടെ തലപ്പത്ത് ഇടതുപക്ഷ ജനപ്രതിനിധിയായ ഇന്നസെന്റും ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടിയും തുടരുന്നതിലെ അനൗചിത്യവും ഇവര്‍ യോഗത്തില്‍ വ്യക്തമാക്കും. അമ്മ യോഗവും വാര്‍ത്താ സമ്മേളനവും രാഷ്ട്രീയവല്‍ക്കകരിക്കപ്പെട്ടത് ഇടത് ജനപ്രതിനിധികള്‍ നേതൃത്വത്തിലുള്ളതിനാലാണെന്നും അതിനാല്‍ പൊതുസ്വീകാര്യമായ നേതൃത്വം വേണമെന്നുമാണ് ഈ വിഭാഗത്തിന്റെ ആവശ്യം. നേതൃമാറ്റം വേണമെന്ന ആവശ്യം കെ.ബി ഗണേഷ്‌കുമാറിനുമുണ്ട്.

മുകേഷ് ഒഴിയാന്‍ സാധ്യതയുള്ള എക്‌സിക്യുട്ടീവ് എന്ന നിര്‍ണായക പദവിയിലേക്ക് സിദ്ദീക്കിനെ നിര്‍ദേശിക്കുക എന്നതാണ് ദിലീപ് അനുകൂലികളായ അംഗങ്ങളുടെ തീരുമാനം. അമ്മ എക്‌സിക്യൂട്ടിവ് ചേര്‍ന്ന ജൂണ്‍ 28ന് ആലുവാ പോലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രി സിദ്ദീഖ് ഇവിടേക്കെത്തിയത് വിവാദമായിരുന്നു. സംഘടനാ തീരുമാന പ്രകാരമായിരുന്നില്ല സിദ്ദീഖിന്റെ വരവ്. ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ ഇക്കഴിഞ്ഞ അടിയന്തര എക്‌സിക്യുട്ടീവിലും സിദ്ദീക്കിന്റേത് അനുകൂല തീരുമാനമായിരുന്നില്ല.

നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ രണ്ട് വനിതാ അംഗങ്ങളാണ് ഉള്ളത്. രമ്യാ നമ്പീശനും കുക്കു പരമേശ്വരനും. എന്നാല്‍ പ്രധാന പദവികളില്‍ വനിതകള്‍ ആരുമില്ല. അമ്മ നേതൃത്വത്തില്‍ അമ്പത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് കഴിഞ്ഞ യോഗത്തില്‍ രമ്യാ നമ്പീശന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ യുവതാരങ്ങളെയും വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്താനും അടുത്ത എക്‌സിക്യുട്ടീവില്‍ സാധ്യതയുണ്ട്.

ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, നെടുമുടി വേണു, ഇടവേള ബാബു, ആസിഫലി, കുക്കൂ പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, സിദ്ദീഖ് എന്നിവരടങ്ങുന്നതാണ് നിലവിലെ എക്‌സിക്യുട്ടീവ്.