അകത്തായാലെന്താ ഇപ്പോഴും ‘ജനപ്രിയന്‍’ ദിലീപ് തന്നെ: ‘ട്രോളില്‍’ ദിലീപേട്ടന്‍സ് പൂരം

single-img
12 July 2017

 

മെട്രോയില്‍ ‘വലിഞ്ഞുകയറിയവന്‍’ എന്ന പേരില്‍ കുമ്മനം രാജശേഖരനെ അന്നു സോഷ്യല്‍ മീഡിയ വലിച്ചു കീറിയത് ആരും മറന്നു കാണില്ല. എന്നാല്‍ ഇന്നിതാ ദിലീപാണ് താരം. കുമ്മനടി എന്നൊരു പ്രയോഗം തന്നെ തന്റെ പേരില്‍ ചാര്‍ത്തി കിട്ടിയ മാനക്കേടില്‍ നിന്നും കരകയറാതെ കുമ്മനം വട്ടം ചുറ്റുമ്പോള്‍ ഇപ്പോള്‍ ദിലീപിലുടെ പുതിയ ഇരയെ കിട്ടിയ സന്തോഷത്തിലാണ് ഫേസ്ബുക്ക് ട്രോളര്‍മാര്‍.

താരം അഴിക്കുള്ളിലായതിന്റെ ആഘോഷത്തിലാണ് സൈബര്‍ ലോകം. ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ഫെയ്‌സുബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ താരത്തിനെ ചുറ്റിപറ്റിയുള്ള ട്രോളുകള്‍ ചീറി പായുകയാണ്. ഇതിനു പുറമെ താരത്തിന്റെ എട്ടു നിലയില്‍ പൊട്ടിയ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലെ തമാശരംഗങ്ങളും ട്രോളുകളായി സോഷ്യല്‍ സൈറ്റുകളില്‍ കറങ്ങുന്നുണ്ട്. ദിലീപ് അറസ്റ്റിലായ ദിവസം ജനപ്രിയന്‍ അങ്ങനെ ജയില്‍പ്രിയനായിയെന്നും ദിലീപിന്റെ ഹോട്ടലായ ദേ പുട്ട് ആളുകള്‍ അടിച്ചുതകര്‍ത്തപ്പോള്‍ ദേ ദിലീപ് പെട്ടുവെന്നും ട്രോളര്‍മാര്‍ കളിയാക്കുന്നു.

പിന്നീട് ദിലീപ് ചിത്രം രാമലീല യുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തെ കളിയാക്കി ‘പാവം മുളകുപാടം’ എന്നു കളിയാക്കിയും ട്രോളര്‍മാര്‍ ദിലീപിന്റെ അകത്തുപോക്ക് ആഘോഷിക്കുകയാണ്. എന്നിട്ടും തീരുന്നില്ല ദിലീപിനു സപ്പോര്‍ട്ടുമായി വന്ന അമ്മ ഭാരവാഹികളായ ഗണേഷ്, ഇന്നസെന്റ്, മുകേഷ് , അജുവര്‍ഗീസ്, നാദിര്‍ഷ എന്നിവരെയും കണക്കിന് പരിഹസിക്കുന്നു ട്രോളര്‍മാര്‍.

ഇവരെയും ചുറ്റിപറ്റി ട്രോളുകള്‍ നവമാധ്യമങ്ങളില്‍ പറക്കുന്നുണ്ട്. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍മാരായ ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുന്നില്‍ നിന്നിരുന്ന വിഷയവും താരം തന്നെയാണ്. ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെയാണ് ദിലീപ് മുന്നിലെത്തിയത്. മുന്‍പ് ദിലീപ് കാവ്യ വിവാഹവും ഇത്തരത്തില്‍ ട്രെന്‍ഡിങ്ങില്‍ തിളങ്ങിയിരുന്നു. വിദേശത്തുള്ളവരാണ് ദിലീപിന്റെ വാര്‍ത്തകള്‍ കൂടുതലും ഗൂഗിളില്‍ തെരയുന്നത്.