ദിലീപിന്റെ കാര്യത്തില്‍ സിദ്ദിഖിന് വീണ്ടും ഉത്കണ്ഠ: നടനെ ന്യായീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
12 July 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ ന്യായീകരിച്ച് നടന്‍ സിദ്ദിഖ്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും എന്നാല്‍ അതിനു മുന്‍പുള്ള മാധ്യമ വിചാരണ തെറ്റാണെന്നും സിദ്ദിഖ് വിമര്‍ശിക്കുന്നു. താന്‍ പഠിച്ച പത്ര ധര്‍മ്മത്തെ കുറിച്ച് പറയുന്ന സിദ്ദിഖ് ഈ കേസിലേക്ക് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനേയും വലിച്ചിഴക്കുന്നുണ്ട്.

എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെയാണ് ചെമ്മണ്ണൂരിനെ സിദ്ദിഖ് ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി ഒരിടത്തും അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിട്ടില്ല. ഈ വസ്തുത മറന്നാണ് സിദ്ദിഖ് ഇപ്പോള്‍ ദിലീപിനെ ന്യായീകരിക്കാന്‍ ചെമ്മണ്ണൂരിനെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത്.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ സിദ്ദിഖ് അര്‍ധരാത്രി പോലീസ് ക്ലബിലെത്തിയിരുന്നു. ചോദ്യം ചെയ്യാന്‍ തുടങ്ങി 12 മണിക്കൂറായിട്ടും കണ്ടില്ലെന്നും അമ്മയുടെ യോഗത്തിലും ദിലീപിനെ കണ്ടില്ലെന്നും ഇതിനെ തുടര്‍ന്നാണ് എത്തിയതെന്നുമായിരുന്നു സിദ്ദിഖിന്റെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.