‘ആ സെല്‍ഫി പഴയതാണേ..’: ദിലീപുമൊത്തുള്ള സെല്‍ഫിയില്‍ പുലിവാലുപിടിച്ച് പോലീസുകാരന്‍

single-img
12 July 2017

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനൊപ്പം സെല്‍ഫി എടുക്കുന്ന പൊലീസുകാര്‍ എന്ന വിവരണത്തോടെയുള്ള ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായിട്ടും നടനോടുള്ള ആരാധനയ്ക്ക് ഒട്ടും കുറവു വന്നിട്ടില്ലെന്നും സ്റ്റേഷനില്‍ നടനൊപ്പം സെല്‍ഫിയെടുക്കാന്‍ പൊലീസുകാര്‍ മത്സരിക്കുകയാണെന്നുമുള്ള തരത്തിലായിരുന്നു പ്രചരണം.

എന്നാല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്ന് വെളിപ്പെടുത്തുകയാണ് സെല്‍ഫി എടുത്ത പൊലീസുകാരന്‍. ഇരിങ്ങാലക്കുട സ്റ്റേഷനിലെ അരുണ്‍ സൈമണ്‍ എന്ന പൊലീസുകാരനാണ് താന്‍ ഉള്‍പ്പെട്ട ചിത്രം തെറ്റായി പ്രചരിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗിന് ദിലീപ് ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോഴാണ് അരുണും സുഹൃത്തും താരത്തിനൊപ്പം സംല്‍ഫിയെടുത്തത്. അന്ന് ദിലീപ് നീല ഷര്‍ട്ടാണ് ധരിച്ചിരുന്നത്.

ഇതേ നീലഷര്‍ട്ട് ധരിച്ചാണ് ദിലീപിനെ പൊലീസ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയത്. ഇതോടെയാണ് ഫോട്ടോ ഒരു പുലിവാലായത്. കസ്റ്റഡിലായ ദിലീപിനൊപ്പം പൊലീസുകാരെടുത്ത ഫോട്ടോ എന്നു പറഞ്ഞാണ് ഇത് വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിലീപിന് കസ്റ്റഡിയില്‍ ലഭിക്കുന്ന വി.ഐ.പി. പരിഗണനയായും കേസില്‍ നിന്ന് ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും എന്നതിന്റെ സൂചനയായും വ്യാഖ്യാനിച്ചാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്.

‘കൂട്ടുകാരെ, ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ ആണ്. ‘കസ്റ്റഡിയിലെ സെല്‍ഫി ‘ എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്തതാണ്’ എന്നാണ് അരുണ്‍ സൈമണിന്റെ പ്രതികരണം.