മുകേഷിനും ഊരാക്കുടുക്ക്: നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപും മുകേഷും ഫോണില്‍ 50 തവണ വിളിച്ചത് എന്തിന് ?

single-img
12 July 2017

കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപും മുകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷം അന്വേഷിച്ച് പോലീസ്. സംഭവ ദിവസം നടന്‍ ദിലീപും നടനും എം.എല്‍.എയുമായ മുകേഷും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പൊലീസ് തേടുന്നത്. ഫോണ്‍കോളുകളുടെ സമയദൈര്‍ഘ്യം, സംഭാഷണ വിവരങ്ങള്‍, ഇതിനു സംഭവവുമായി എത്രത്തോളം ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

ദിലീപിന്റെ പേഴ്‌സണല്‍ നമ്പരിലും, മറ്റൊരു നമ്പരിലുമാണ് നടനും എം.എല്‍.എയുമായ മുകേഷ് സംഭവത്തിന് തൊട്ട് മുമ്പും ശേഷമുള്ള ദിവസങ്ങളിലും ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവമുണ്ടായ ദിവസം പകല്‍ മുതല്‍ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്താണ് ഇരുവരും തമ്മില്‍ ഫോണില്‍ വിളിച്ചിട്ടുള്ളത്. ഇത് എന്തിനു വിളിച്ചു?, സംസാരിച്ച കാര്യങ്ങള്‍ എന്തെല്ലാം? തുടങ്ങിയ കാര്യങ്ങളാണ് ഇനി പൊലീസ് അന്വേഷിക്കുക. കേസിന്റെ ആദ്യ ഘട്ടത്തില്‍ ദിലീപിനോട് ഇതു സംബന്ധിച്ചു പൊലീസ് ചോദിച്ചിരുന്നില്ല. ദിലീപിനെ കസ്റ്റഡിയില്‍ കിട്ടിയതിനാല്‍ പൊലീസ് ഇതു സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ ആരംഭിക്കും. ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാവും മുകേഷിനെ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം നടിയെ ആക്രമിക്കാനുള്ള ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നത്. ഇതിനുപുറമേ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. അതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും. എന്നാല്‍ ഒരു വര്‍ഷം തന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളായിരുന്നെന്ന് അറിയില്ലായിരുന്നെന്നാണ് മുകേഷ് പറയുന്നത്.

സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയില്‍ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം സ്ഥിരം പള്‍സര്‍ ഉണ്ടായിരുന്നില്ല. വിളിക്കുമ്പോള്‍ വരുന്ന ഡ്രൈവര്‍ മാത്രമായിരുന്നെന്നാണ് മുകേഷ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമാ സെറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുനിയെന്നാണ് ചിത്രങ്ങള്‍ വ്യക്തമാകുന്നത്.

അതേസമയം മുകേഷിന്റെ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു പള്‍സര്‍ സുനി എന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കുടുംബ ഫോട്ടോയിലും സുനിക്ക് സ്ഥാനമുണ്ട്. ഇതെല്ലാം തന്നെ മുകേഷിന്റെ ചോദ്യം ചെയ്യലിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതിനൊപ്പം തന്നെ അനൂപ് മേനോനൊപ്പമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമായി പള്‍സര്‍ സുനി കെട്ടിപുണര്‍ന്നിരിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ആദ്യഘട്ടത്തില്‍ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ദിലീപ് മാറിയ പശ്ചാത്തലത്തിലാണ് സിനിമ മേഖലയില്‍നിന്നുള്ള കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്.

പള്‍സര്‍ സുനി കൊടുത്തയച്ച കത്ത് നല്‍കാന്‍ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദിലീപിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്ബര്‍ വിഷ്ണുവിന് ലഭിക്കുന്നത് അനൂപില്‍ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്ബറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പള്‍സര്‍ സുനിയുടെ കത്ത് വിഷ്ണു അയച്ച് നല്‍കുകയായിരുന്നു എന്ന നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ദിലീപ് മാറിയ പശ്ചാത്തലത്തിലാണ് സിനിമ മേഖലയില്‍നിന്നുള്ള കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുന്നത്.

ഇതിനിടെ കാസര്‍കോടായിരുന്ന മുകേഷിനെ കൊല്ലം ജില്ലാ കമ്മിറ്റി ഇന്നലെ അടിയന്തരമായി വിളിച്ചു വരുത്തി ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. അമ്മയുടെ യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറിയ മുകേഷിനോട് നേരത്തെ ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു.ഇതിനു പിന്നാലെയാണ് ദീലിപിന്റെ അറസ്റ്റിനു ശേഷം മുകേഷിനെ ജില്ലാ കമ്മിറ്റി അടിയന്തരമായി ഇന്നലെ വിളിച്ചു വരുത്തിയത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്വട്ടേഷന്‍ സംബന്ധിച്ച് മുകേഷിനു മുന്‍കൂട്ടി അറിവുണ്ടായിരുന്നോ, സംഭവത്തില്‍ ദിലീപിന്റെ പങ്ക് അറിയാമായിരുന്നിട്ടും ഇക്കാര്യം മുകേഷ് മറച്ചു വച്ചോ തുടങ്ങിയ കാര്യങ്ങളിലും പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് സംവിധായകന്‍ നാദിര്‍ഷായ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട.്