Latest News

‘ദിലീപ് അറസ്റ്റിലായത് ‘മാഡ’ത്തെ രക്ഷിക്കാന്‍’: കേസിലെ സര്‍പ്രൈസ് വില്ലന്‍ പിടിക്കപ്പെടുമോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതു മുതല്‍ തന്നെ സംഭവത്തിനു പിന്നില്‍ നിന്നു പ്രവര്‍ത്തിച്ചവരെക്കുറിച്ചും ചരടു വലിച്ചവരെക്കുറിച്ചും നിരവധി കഥകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത നടന്‍ ദിലീപും കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് ഒന്നുകൂടി ആക്കം കൂടുകയുണ്ടായി. അതിവിദഗ്ദ്ധമായി മെനഞ്ഞ ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ സജീവമായി പ്രവര്‍ത്തിച്ച മറ്റ് പലരും തിരശ്ശീലയ്ക്ക് പിറികിലാണെന്ന അഭ്യൂഹം ഇപ്പോഴും ശക്തമാണ്.

അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രമാണ് പുറത്തു വരാനുള്ളവരില്‍ ശക്തമായൊരാള്‍. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ ആണെന്നാണ് പള്‍സര്‍ സുനി നടിയോട് പറഞ്ഞത്. ഇതു രണ്ടും ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഇതിനു പിന്നില്‍ ഒരു മാഡം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന സംശയം കൂടുതല്‍ ശക്തമാകുന്നു. പക്ഷേ ഈ മാഡം ആരാണെന്ന് ഇതുവരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യമള, മറ്റൊരു പ്രമുഖ യുവനടി നടി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ ഏറെയും പ്രചരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന മട്ടിലും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തന്നെ അന്വേഷണോദ്യോഗസ്ഥര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ആ മാഡം കാവ്യ മാധവന്‍ ആണോ എന്നാണ് പലരുടെയും സംശയം. പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്് ഏല്‍പിച്ചത് എന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അവിടെ പരിശോധന നടത്തിയിരുന്നു. അവിടെ നിന്നാണ് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കിട്ടിയതും ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതും. പള്‍സറിന് ക്വട്ടേഷന്റെ പണം കൈമാറിയത് ഇവിടെവച്ചാണോ എന്ന് വ്യക്തമല്ല. ഇതുകൂടി തെളിഞ്ഞാല്‍ കാവ്യയ്‌ക്കോ അമ്മയ്‌ക്കോ കുരുക്ക് മുറുകിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ഇതിനിടയിലാണ് ഈ ഗൂഢാലോചനയില്‍ മറ്റൊരു യുവ നടിക്ക് കൂടി പങ്കുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇവരുടെ തമ്മനത്തെ ഫ്‌ലാറ്റില്‍ കഴിഞ്ഞയാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഇവിടെ നിന്ന് അറസ്റ്റിന് വേണ്ട വിവരങ്ങള്‍ ലഭിച്ചുവോ എന്ന് വ്യക്തമല്ല. പക്ഷേ ഈ നടിയുടെ പേരും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ഇവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീ കഥാപാത്രങ്ങള്‍ ഈ കഥയില്‍ ഉണ്ടോ എന്ന് വ്യക്തമല്ല.

എന്തു തന്നെയായാലും ഇപ്പോള്‍ ചിത്രത്തില്‍ സജീവമല്ലാത്ത, ദിലീപിനോട് ഏറെ അടുപ്പമുള്ള ഒരു സര്‍പ്രൈസ് വില്ലന്‍ കഥയിലുണ്ട്. മാഡം എന്ന് പേരിട്ടുവിളിക്കുന്ന ഇവരെ ഏത് നിമിഷവും കണ്ടെത്തിയേക്കുമെന്നാണ് അന്വേഷണസംഘത്തില്‍ നിന്നു ലഭിക്കുന്ന സൂചന. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനായി ദിലീപ് സ്വയം അറസറ്റ് വരിച്ചതാവാമെന്നാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ദിലീപ് അറസ്റ്റിലായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, അതിന് പകരം മാഡം കസ്റ്റഡിയിലാവുമെന്ന് ഉറപ്പായ അവസ്ഥയിലായിരുന്നു ദിലീപ് അറസ്റ്റ് വരിക്കാന്‍ തയ്യാറായതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ അറസ്റ്റില്‍ കേസില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാനുള്ള വകുപ്പുകള്‍ യഥേഷ്ടമുണ്ട് ദിലീപിനെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിലെന്ന് സംശയം ഉണര്‍ന്നിട്ടുണ്ട്. ഇതിനാല്‍ തന്നെ കേസില്‍ ഇനിയും വഴിത്തിരിവുണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.