എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്ന സര്‍ക്കാരാണിതെന്ന് കോടിയേരി; ‘അന്വേഷണ സംഘത്തിന് അഭിനന്ദനം’

single-img
12 July 2017

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനപിന്തുണയുള്ള നിലപാടുകളാണെന്നും കോടിയേരി പറഞ്ഞു.

കേസ് തെളിയിക്കപ്പെടുന്ന ജാള്യതയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍. അറസ്റ്റിലായ നടനുമായി അടുത്ത ബന്ധമാണ് കോണ്‍ഗ്രസ് എംഎല്‍എക്കുള്ളതെന്നും എന്തുകൊണ്ട് ആ എംഎല്‍എ രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നില്ലെന്നും കോടിയേരി ചോദിച്ചു.

സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സിപിഐ ശരിയാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നുണ്ടെങ്കില്‍ അതുള്‍കൊള്ളുന്ന എല്‍ഡിഎഫ് ശരിയാണെന്ന് ഉമ്മന്‍ ചാണ്ടിയും സമ്മതിക്കുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ 1980ല്‍ ഉമ്മന്‍ചാണ്ടി ഇടതു സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നത് മറക്കരുത്. ഇടതുമുന്നണിയില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം നടക്കില്ല. ആ വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കോടിയേരി പരിഹസിച്ചു.