കശ്മീരിലെ ബഡ്ഗാമില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു; കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍

single-img
12 July 2017

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി ആര്‍ പി എഫ്), രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ജി.ഒ), ജമ്മു കാശ്മീര്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

ഇന്നലെ രാത്രി രഹസ്യ വിവരം ലഭിച്ചയുടനെ തന്നെ സൈന്യം അതിര്‍ത്തിയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. തീവ്രവാദികള്‍ സുരക്ഷാ സേനയുടെ തെരച്ചില്‍ സംഘത്തെ വെടിവെച്ചതിനെത്തുടര്‍ന്ന് ഏറ്റുമുട്ടലായി മാറുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം കശ്മീരിലെ അമര്‍നാഥില്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ പോലീസിനെ ലക്ഷ്യമിട്ട ഭീകരാക്രമണത്തില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 12 തീര്‍ഥാടകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീര്‍ഥാടകരുടെ ബസിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.