മുഖ്യമന്ത്രിയെ പുകഴ്ത്തി നടന്‍ കമല്‍ഹാസന്‍; പിണറായി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരി

single-img
12 July 2017

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാണിക്കുന്ന ഭരണാധികാരിയാണെന്ന് നടന്‍ കമല്‍ഹാസന്‍. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ബദല്‍ ഉയര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും താരം ചെന്നൈയില്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിവൈഎഫ്‌ഐ നല്‍കുന്ന നിവേദനം പുറത്തിറക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസാണ് നിവേദനം ഏറ്റുവാങ്ങിയത്.

പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ തന്റേതായ നിലപാട് വ്യക്തമായി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമായിരുന്നു. മോദിയെടുത്ത തെറ്റായ നിലപാടിനെ പിണറായി വിജയന്‍ തുറന്നുകാട്ടിയത് ധീരമായ നടപടിയായിരുന്നെന്നും കമലഹാസന്‍ പറഞ്ഞു. മികച്ച ഭരണാധികാരിയെന്ന നിലയില്‍ തന്റെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ടീയം മാത്രമല്ല രാജ്യത്താകെ ജനക്ഷേമ ഭരണത്തിനുള്ള ബദല്‍കൂടി ഉയര്‍ത്തിയാണ് പിണറായി മാതൃകയാകുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

വര്‍ത്തമാനകാല ഇന്ത്യയുടെ പ്രതീക്ഷയാണ് ഡിവൈഎഫ്‌ഐയെന്നും അദ്ദേഹം പറഞ്ഞു. അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കും അസഹിഷ്ണുതയ്ക്കുമെതിരെയുള്ള പോരാട്ടം വിജയിക്കും. ഈ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നല്‍കാന്‍ തയ്യാറാണെന്ന ഉറച്ച വിശ്വാസത്തോടെ പോരാടുന്ന പ്രസ്ഥാനം വളര്‍ന്നുവന്നാല്‍ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും.

അതിന് മാതൃക കാട്ടാന്‍ കഴിയുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. എകാധിപത്യ നീക്കം നടത്തുന്ന ഭരണാധികാരികള്‍ എങ്ങനെയാണ് സ്വയം ഇല്ലാതാവുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. തെറ്റായതും അപകടകരവുമായ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് കരുതേണ്ട. യഥാസമയം നടക്കുന്ന പോരാട്ടങ്ങളിലൂടെ അതിന് മാറ്റമുണ്ടാകും. അതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന വിഭാഗമാണ് യുവജനങ്ങളെന്നും കമലഹാസന്‍ പറയുന്നു.