ഐഎസ് ബന്ധമുള്ള മലയാളി ഡല്‍ഹിയില്‍ പിടിയില്‍

single-img
12 July 2017


ന്യൂഡല്‍ഹി: ഐഎസ് ബന്ധമുള്ള മലയാളി ഭീകരനെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ വള്ളുവ(32)നെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി രണ്ടു തവണ ഇയാള്‍ തുര്‍ക്കിയിലേക്കു പോയിരുന്നെങ്കിലും, രണ്ടു പ്രാവശ്യവും തുര്‍ക്കി അധികൃതര്‍ പിടികൂടി മടക്കി അയയ്ക്കുകയായിരുന്നു.

യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്ലാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഡല്‍ഹിയിലെ രഹസ്യാന്വേഷണ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഐഎസില്‍ ചേര്‍ന്നിട്ടുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെക്കുറിച്ചും അവരുമായി ഇയാള്‍ക്കുള്ള ബന്ധത്തെക്കുറിച്ചുമാണ് അന്വേഷിക്കുന്നതെന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.

ഐഎസില്‍ ചേരുകയെന്ന ഉദ്ദേശത്തോടെയാണ് തുര്‍ക്കിയിലേക്ക് പോയതെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തിയതിന് തുര്‍ക്കി പൊലീസിന്റെ പിടിയിലായതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷാജഹാനെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് തെറ്റായ വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച ഇയാള്‍ തുര്‍ക്കിയിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും തുര്‍ക്കി പൊലീസിന്റെ പിടിയിലാവുകയായിരുന്നു.