ഇറോമിന് പ്രണയ സാഫല്യം

single-img
12 July 2017

ചെന്നൈ: മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള ചാനു വിവാഹിതയായി. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഗോവയില്‍ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവ് ഇറോമിന്റെ കഴുത്തില്‍ മിന്നു കെട്ടിയത്. ഇന്ന് രാവിലെ കൊടൈക്കനാലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. തമിഴ്‌നാട്ടിലായിരിക്കും ഇനി ഇരുവരുടെയും ശിഷ്ടജീവിതം.

മണിപ്പൂരിന്റെ ഉരുക്കു വനിത എന്ന പേര് കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മരണത്തെ പോലും തോല്പിച്ചു സമരം ചെയ്ത കത്തുന്ന ജീവിതം…രണ്ടായിരത്തിലെ നവംബര്‍ 5ന് തുടങ്ങിയ ഇവരുടെ നിരാഹാരസമരം ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരാഹാര സമരമായാണ് കണക്കാക്കുന്നത്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ ‘അഫ്‌സ്പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 16 വര്‍ഷത്തോളം ഇറോം ശര്‍മിള നിരാഹാരസമരം തുടര്‍ന്നത്.

മദ്യ വിപത്താലും മറ്റു സാമൂഹിക സാഹചര്യങ്ങളാലും മണിപ്പൂരിന്റെ പല ഭാഗങ്ങളിലും പൊട്ടിപുറപ്പെട്ട കലാപങ്ങളെ അടിച്ചമര്‍ത്താനായിരുന്നു മണിപ്പൂരി പോലീസ് കേന്ദ്ര സേനയുടെ സഹായം തേടിയത്. പക്ഷേ അതോടെ കാര്യങ്ങള്‍ മാറി മറിയകയായിരുന്നു. പോലിസിനെ സഹായിക്കാനായി എത്തിയ സേന അവിടെ താണ്ഡവമാടി. കണ്ണില്‍ കാണുന്നവരെ വെടിവെച്ചു കൊല്ലുകയും തോന്നുന്നവരെ പിടിച്ചു കൊണ്ട് പോകുകയും ക്രൂരമായി പെരുമാറുകയും ചെയ്തു പോന്നു.

2000 നവംബര്‍ 2ന് ഇംഫാലിലെ മാലോം എന്ന സ്ഥലത്ത് നടന്ന ദാരുണ സംഭവമാണ് ഇറോം ഷര്‍മിള എന്ന യുവതിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. ബസ്സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാരായ 18 പേരെ ആസ്സാം റൈഫിള്‍സ് എന്ന പാര മിലിറ്ററി വിഭാഗം വെടിവച്ചു കൊന്നു. ഈ സംഭവത്തില്‍ 18 വയസ്സുകാരന്‍ മുതല്‍ 62 വയസ്സുള്ള വൃദ്ധ വരെ കൊല്ലപ്പെട്ടു. ഇത് ഇറോം ഷര്‍മിള എന്ന 28 വയസ്സുകാരി യെ വല്ലാതെ പിടിച്ചുലക്കുകയായിരുന്നു.

ക്രൂരതകള്‍ ചെയ്യുന്ന പട്ടാളക്കാര്‍ക്ക് രക്ഷപെടാന്‍ പഴുതുകള്‍ നല്കുന്ന ‘അഫ്‌സ്പ’ എന്ന നിയമത്തിനെതിരെ പോരാടാന്‍ തന്നെ ഈ മനുഷ്യാവകാശപ്രവര്‍ത്തക തീരുമാനിച്ചു. സാധാരണക്കാരെ പോലീസിന്റെയും പട്ടാളത്തിന്റെയും ഇരകളാക്കി മാറ്റുന്ന ഈ നിയമം പിന്‍വലിക്കെണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരമനുഷ്ഠിക്കാന്‍ ഇറോം തീരുമാനിക്കുകയായിരുന്നു.

സമരത്തിന്റെ മൂന്നാം ദിവസം പോലീസ് അവരെ ബലമായി അറസ്റ്റ് ചെയ്തു. മൂക്കിലൂടെ ട്യൂബ് കയറ്റി ദ്രവരൂപത്തിലുള്ള ഭക്ഷണം നിര്‍ബന്ധിച്ചു കൊടുത്തു. ഷര്‍മിളയുടെ അവശ്യങ്ങള്‍ പരിഗണിക്കാം എന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ‘പറഞ്ഞാല്‍ പോരാ നിയമം പിന്‍വലിക്കുക തന്നെ വേണമെ’ന്ന് പറയുന്ന ഇവരുടെ വാക്കുകള്‍ക്ക്് മുന്‍പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പോലും പിന്‍വലിയുകയായിരുന്നു.

ആത്മഹത്യാശ്രമത്തിന്റെ പേരില്‍ നിരവധി തവണ ഈറോം ശര്‍മ്മിളയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ നിന്നെല്ലാം കുറ്റവിമുക്തയായിരുന്നുവെങ്കിലും നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നായിരുന്നു ഇറോം ശര്‍മിള അറിയിച്ചിത്.

കേസില്‍ മാപ്പപേക്ഷിക്കാനും ഇറോം ശര്‍മിള തയാറായിരുന്നില്ല. ഭക്ഷണമുപേക്ഷിച്ച് ഇറോം സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അഫ്‌സ്പ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാത്രമാണ് തന്റെ പോരാട്ടമെന്ന് ഇറോം വ്യക്തമാക്കുകയായിരുന്നു. ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ക്ക് മൂക്കിലൂടെ പൈപ്പിട്ട് ദ്രവരൂപത്തിലാണ് ഭക്ഷണം നല്‍കിയിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 9നാണ് ആ ചരിത്രമുഹൂര്‍ത്തത്തിനു ലോകം സാക്ഷ്യം വഹിച്ചത്. പതിനാറു വര്‍ഷം നീണ്ട നിരാഹാര സമരം ഒരു തുള്ളി തേന്‍ നുണഞ്ഞ് ഇറോം ശര്‍മിള അവസാനിപ്പിച്ചു. എന്നാല്‍ ഒരു നാടിന്റെയാകെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയ ആ ധീരവനിതയെ സ്വന്തം ജനത തന്നെ ഒറ്റപ്പെടുത്തുകയാണുണ്ടായത്.

നാടും വീടുമൊക്കെ അവരെ ഉപേക്ഷിക്കുകയായിരുന്നു. സമരത്തില്‍ നിന്നും പിന്മാറിയത് ജനതയോടു ചെയ്ത വഞ്ചനയായാണ് അവര്‍ കാണുന്നത്. ആര്‍ക്കു വേണ്ടി തന്റെ ജീവന്‍ പണയംവെച്ച് സമരം ചെയ്തുവോ അവര്‍തന്നെ തള്ളിപ്പറയുന്ന മനുഷ്യത്വരഹിതമായ അവസ്ഥയായിരുന്നു ഇറോമിന് നേരിടേണ്ടി വന്നത്. നിരാഹാരമവസാനിപ്പിച്ചത് കാമുകനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടാണെന്നും അവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പരഞ്ഞ് സ്വന്തം ജനത തന്നെ കുറ്റപ്പെടുത്തുകയാണുണ്ടായത്.

സമരമവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന അവര്‍ക്ക് തിരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 16 വര്‍ഷം നടത്തിയ സഹന സമരത്തിന് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെന്നു തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയം. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയായിരുന്നു അവര്‍.