‘സാര്‍..രക്ഷിക്കണം തെറ്റുപറ്റിപ്പോയി’: ദിലീപിന്റെ അതിബുദ്ധി വിനയായി

single-img
12 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന പുറത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത് ദിലീപ് കാണിച്ച അതിബുദ്ധി. അതീവ ജാഗ്രതയോടെയായിരുന്നു ദിലീപ് കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോയത്. വിശ്വസ്തരപ്പോലും കാര്യങ്ങള്‍ അറിയിക്കാതെ നീക്കം. കേസില്‍ കുടുങ്ങിയ പള്‍സര്‍ സുനിയുമായുള്ള ബന്ധപ്പെടല്‍ തന്നെ രഹസ്യ നമ്പറിലൂടെ. എന്നാല്‍ അന്വേഷണം തന്നിലേക്ക് വരാതിരിക്കാന്‍ ദിലീപ് ചെയ്ത കാര്യങ്ങളെല്ലാം നടന് പിന്നീട് തിരിച്ചടിയാവുകയായിരുന്നു. ഇവിടെയല്ലാം ദിലീപ് വരുത്തിയ പിഴവുകള്‍ തിരിച്ചടിയാവുകയായിരുന്നു.

പള്‍സര്‍ സുനി ജയിലിലായ ശേഷം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് നല്‍കിയ പരാതിയിലൂടെ തന്നെ അദ്ദേഹം സ്വന്തം കുഴി തോണ്ടി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതിയില്‍. പക്ഷെ ആര്, എവിടെ വച്ച്, എങ്ങനെ പണം ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ നടന്‍ സൂചിപ്പിച്ചിരുന്നില്ല. ഇക്കാര്യം പോലീസ് ചോദിച്ചപ്പോഴും ദിലീപിന് മറുപടി ഇല്ലായിരുന്നു.

പള്‍സര്‍ സുനിയെ അറിയില്ലെന്ന് പല കുറി ചോദ്യം ചെയ്യലില്‍ പറഞ്ഞ ദിലീപ് പിന്നീട് ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് താരത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന തെളിവുകള്‍ പോലീസ് നിരത്തി. അതോടെ പിടിച്ചു നില്‍കാനാകാതെയായി ദിലീപ്. ആദ്യ ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടപ്പോഴും താന്‍ പ്രതിയാകുമെന്ന് ഒരു വേളയിലും ദിലീപ് ചിന്തിച്ചിരുന്നില്ല. കേസില്‍ ഉള്‍പ്പെടാത്ത ഒരാള്‍ അത്രമാത്രം സമയം ചോദ്യം ചെയ്യലില്‍ പ്രതിഷേധിക്കാതെ ഇരിക്കില്ലെന്ന നിഗമനവും അന്വേഷണ സംഘത്തിന് ഗുണകരമായി.

ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ ദിലീപ് പറഞ്ഞ പല മൊഴികളിലും വൈരുദ്ധ്യം പ്രകടമായത് പോലീസിന് സംശയം ബലപ്പെടുത്തി. പിന്നീട് വൈരുദ്ധ്യം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ സുനിയും ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു. സുനിയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യല്‍ ഗൂഡാലോചനയുടെ ചിത്രം വ്യക്തമാക്കുകയായിരുന്നു.

രണ്ടാം വട്ടം രഹസ്യകേന്ദ്രത്തില്‍ വിളിച്ചു വരുത്തി പഴുതുകളടച്ച് തെളിവുകള്‍ നിരത്തിയപ്പോള്‍ മറുപടി നല്‍കാന്‍ ദിലീപിനായില്ല. പിന്നീട് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചതോടെ സിനിമയില്‍ പലകുറി കണ്ട അതേ രംഗം ഓര്‍മ്മിച്ച് ഉദ്യോഗസ്ഥരുടെ മുന്നില്‍ കൈകൂപ്പി എന്നെ രക്ഷിക്കണം എന്നു മാത്രമായിരുന്നു താരത്തിന്റെ അവസാന അപേക്ഷ .