ദിലീപിനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കോടതിയില്‍ എത്തിച്ച താരത്തെ കൂവിവിളിച്ച് ജനക്കൂട്ടം

single-img
12 July 2017


അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിക്കുകയായിരുന്നു. പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. സാധാരണ തുറന്ന കോടതിയില്‍ ആണ് കേസ് പരിഗണിക്കാറുള്ളത്. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ദിലീപിന്റെ കേസ് ജഡ്ജിയുടെ ചേമ്പറിലാണ് പരിഗണിച്ചത്.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ഇതേത്തുടര്‍ന്ന് ഇന്നു തന്നെ ജാമ്യാപേക്ഷയുമായി ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്. ആലുവ സബ്ജയിലില്‍ നിന്നും ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂവി വിളികളുമായിട്ടാണ് ജനം വരവേറ്റത്. ദിലീപിനെതിരായ മുദ്രാവാക്യങ്ങളും ഉയരുന്നുണ്ടായിരുന്നു. ദിലീപിന് പിന്നാലെ കോടതിയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാംകുമാറിനെയും കൂവി വിളിച്ചാണ് ജനങ്ങള്‍ വരവേറ്റത്. കോടതിയും പരിസരവും ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണു പൊലീസ്. ഇതിനകം പോലീസിന്റെ കയ്യില്‍ ദിലീപിനെതിരേ 19 തെളിവുകള്‍ ഉണ്ട്.