Movies

നാലാമത്തെ ചോദ്യത്തിന് ‘ബ..ബ..ബ’: ദിലീപിനെ വീഴ്ത്തിയത് ബെഹ്‌റയിലെ കൗശലക്കാരന്‍

ദിലീപിനെ കുടുക്കിയത് നാലു ചോദ്യങ്ങള്‍. സിനിമയിലെ പോലെ തന്നെയായിരുന്നു ആ ചോദ്യം ചെയ്യല്‍. ഒരു പക്ഷെ ‘കമ്മീഷ്ണറിലും’, ‘ദി കിംഗിലും’ ഒക്കെ നാം കണ്ട അതേ ചോദ്യം ചെയ്യല്‍ പോലെ. സമര്‍ത്ഥനും ബുദ്ധിമാനുമായ ഒരു പോലീസ് ഓഫീസര്‍ എങ്ങനെ ചോദ്യം ചെയ്യലിലൂടെ പ്രതിയെ കുടുക്കണം എന്നു കാണിച്ചു തരും വിധമായിരുന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യം ചെയ്യല്‍.

ശരം പോലെ തൊടുത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നും ചെയ്യാനാകാതെ പകച്ചു നില്‍ക്കാനേ സിനിമയില്‍ പോലീസ് വേഷങ്ങളെ അവിസ്മരണീയമാക്കിയ ദിലീപിന് ആയുള്ളൂ. തിരുവനന്തപുരത്തു നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ബെഹ്‌റ ചോദ്യങ്ങള്‍ ചോദിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ നാലാമത്തെ ചോദ്യത്തിന് മുന്നില്‍ ദിലീപ് ഉത്തരമില്ലാതെ നിഷ്പ്രഭനായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി.ദിനേന്ദ്ര കശ്യപിന് ബെഹ്‌റയുടെ നിര്‍ദേശം.

എന്തു ചെയ്യണമെന്നറിയാതെ താരം. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ആദ്യ മൂന്ന് ചോദ്യങ്ങളില്‍ത്തന്നെ മൊഴികളുടെ വൈരുധ്യം പ്രകടമായി പുറത്തുകൊണ്ടുവരാന്‍ ബെഹ്‌റക്കായി. മുന്‍പത്തെ ചോദ്യം ചെയ്യലില്‍ നിന്ന് വിപരീതമായി ചോദ്യങ്ങള്‍ക്ക് മുന്നില്‍ ദിലീപ് കുഴങ്ങുന്ന അവസ്ഥയായിരുന്നു ഇത്തവണയുണ്ടായത്. ചോദ്യം ചെയ്യലില്‍ ഉത്തരം നല്‍കാനാവാതെ വലഞ്ഞപ്പോള്‍ ദിലീപ് വെള്ളം ആവശ്യപ്പെട്ടു. തുടര്‍ന്ന് മകളെയും കുടുംബത്തെയും കാണണമെന്ന് ആവശ്യം. അവിടെയും തീരുന്നില്ല നാടകീയത പിന്നീട് ഒരു ബോധക്ഷയം കൂടി. ഇതിനൊന്നും തന്നെ ദിലീപിനെ അറസ്റ്റ് ഒഴിവാക്കുന്നതില്‍ നിന്ന് രക്ഷിക്കാനായില്ല.

സംസ്ഥാന പോലീസ് മേധാവിയായി എത്തും മുമ്പേ എന്‍.ഐ.ഇ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐജിയായിരിക്കെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യം ചെയ്തുള്ള അനുഭവസമ്പത്ത് ബെഹ്‌റ ഈ ചോദ്യം ചെയ്യലിലും പുറത്തെടുക്കുകയായിരുന്നു.

ദിലീപിന്റെ അറസ്റ്റ് അനിവാര്യമെന്നു തോന്നിച്ച സാഹചര്യത്തില്‍ ഐ.ജി. ദിനേന്ദ്ര കശ്യപിനെ തിരുവനന്തപുരത്തേക്ക് ബെഹ്‌റ വിളിച്ചുവരുത്തിയിരുന്നു. പിന്നീട് വിജിലന്‍സ് ആസ്ഥനാത്തെ ഓഫീസ് മുറിയിലെത്തി 910 പേജുള്ള മൊഴികളും ബെഹ്‌റ പരിശോധിച്ചു. തിങ്കളാഴ്ച നടന്റെ അറസ്റ്റുണ്ടാകുമെന്ന് ഞയറാഴ്ച തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകള്‍ ഇല്ലാതാക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളായിരുന്നു അന്വേഷണസംഘം അവലംബിച്ചത്. സമൂഹത്തിലെ ഉന്നതരെന്ന നിലയില്‍ പ്രതികളെ പരിധി വിട്ട് ചോദ്യം ചെയ്യുന്നതും അന്വേഷണ സംഘത്തിനു മുന്നില്‍ വെല്ലുവിളിയായിരുന്നു.

സി.ബി.ഐയിലെ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവസമ്പത്തും ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന് ഇക്കാര്യത്തില്‍ ഗുണം ചെയ്തു. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി സഹതടവുകാരോട് സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെ പറ്റി സൂചിപ്പിച്ചിരുന്നു. ഇതൊക്കെ മനസ്സിലാക്കുന്നതിനായി അന്വേഷണസംഘം ഒരു പോലീസുകാരനെ തടവുകാരനെന്ന നിലയില്‍ കാക്കനാട് ജയിലില്‍ താമസിപ്പിച്ചു. സുനിയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം .

തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച തന്നെ ദിലീപിനെ അറസ്റ്റുചെയ്യാനുള്ള ധാരണയില്‍ അന്വേഷണ സംഘം എത്തി. അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന കര്‍ശന നിര്‍ദേശം ബെഹ്‌റ നല്‍കിയിരുന്നു. ഫാക്‌സ് സന്ദേശമായി മാത്രം വിവരങ്ങള്‍ കൈമാറിയാല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന് കൈമാറിയ നിര്‍ദേശം. ഇതോടെ പോലീസ് അന്വേഷണം മന്ദഗതിയില്‍, ദിലീപിനെതിരെ തെളിവുകളില്ലെന്ന മട്ടില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചു തുടങ്ങി. ഇതും പോലീസിന്റെ മറ്റൊരു തന്ത്രമായിരുന്നു.

കേസന്വേഷണം മന്ദഗതിയിലായി എന്ന് പ്രതികള്‍ക്കും പൊതു സമൂഹത്തിനും തോന്നല്‍ ജനിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ പതിയെ സമ്മര്‍ദമൊഴിവാക്കി അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയായിരുന്നു പോലീസ്. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ മൊഴിയും മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയും യോജിക്കാതെ വന്നപ്പോള്‍ സാഹചര്യത്തെളിവുകള്‍ കൂട്ടികെട്ടാന്‍ അന്വേഷണ സംഘത്തിന് നിഷ്പ്രയാസം സാധിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്