ജനപ്രിയനോ അവന്‍ ‘അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍’: നാട്ടുകാര്‍ക്ക് ദിലീപിനെക്കുറിച്ച് നല്ല മതിപ്പ്

single-img
12 July 2017

കൊച്ചി: സാധാരണക്കാരനില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച ഏതൊരു മലയാളിയെയും അമ്പരപ്പിക്കുന്നതാണ്….പക്ഷേ സിനിമയുടെ എല്ലാ മേഖലകളും വെട്ടിപ്പിടിച്ച് ജനപ്രിയ നായകനായി വളര്‍ന്ന ആലുവക്കാരന്‍ ദിലീപിനെ കുറിച്ച് ജന്മനാട്ടുകാര്‍ക്ക് പറയാനായി നല്ലതൊന്നുംതന്നെയില്ല.

എല്ലാക്കാലത്തും സ്വന്തം കാര്യം മാത്രം നോക്കി മുന്നേറുന്നതായിരുന്നു താരത്തിന്റെ രീതിയെന്ന് പരിചയക്കാരും നാട്ടുകാരും ഒരുപോലെ ആരോപിക്കുന്നു. വേണ്ടി വന്നാല്‍ കൂടെയുള്ളവരെ ചവിട്ടി പുറത്താക്കാന്‍ വരെ ഒരു മടിയുമില്ല. സിനിമാ മേഖലയില്‍ മാത്രമല്ല, മിമിക്രിയിലും ഇത് തന്നെയായിരുന്നു ദിലീപിന്റെ സ്വഭാവമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

സിനിമയില്‍ അസിസ്റ്റന്റ് സംവിധാനകനായെത്തിയ ദിലീപ് പിന്നീട് നായകനായി മാറുകയായിരുന്നു. ഒടുവില്‍ ജനപ്രിയ താരവുമായി. ഇതിനിടയില്‍ ദിലീപ് കൈവെയ്ക്കാത്ത മേഖലകളില്ല. സിനിമാ നിര്‍മ്മാണവും വിതരണവും സ്വന്തം കുടക്കീഴിലാക്കി. ഇതിനിടയില്‍ തന്നെ സിനിമാ തീയേറ്ററുകളുടെയും നിയന്ത്രണം ഏറ്റെടുത്തു. എതിര്‍ക്കുന്നവരെ ചവിട്ടി താഴ്ത്താന്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പ്രത്യേക വൈഭവമായിരുന്നു ദിലീപിനെന്ന് പരിചയക്കാര്‍ പറയുന്നു.

ഇതു തന്നെയാണ് ദിലീപിനെക്കുറിച്ച് സ്വന്തം നാട്ടുകാര്‍ക്കും പറയാനുള്ളത്. അതുകൊണ്ടായിരിക്കാം പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടന്‍ ദിലീപിനു പങ്കുണ്ടെന്ന സൂചന സ്വന്തം നാട്ടില്‍ നിന്നു തന്നെ ആദ്യം പുറത്തു വന്നതും.

 

ദിലീപ് ഇതു നിഷേധിക്കുകയും വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്‌തെങ്കിലും ആ വാക്കുകള്‍ ആലുവക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തിട്ടും പ്രതിഷേധിക്കാന്‍ നാട്ടുകാരില്‍ ഒരാള്‍ പോലും മുന്നോട്ടുവന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സിനിമാ മേഖല ആകെ പിടിച്ചടക്കി കോടികള്‍ സമ്പാദിച്ചിട്ടും ആലുവക്കാര്‍ക്ക് ആര്‍ക്കും കാര്യമായ സഹായമൊന്നും താരത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. സ്വന്തം നാട്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ പോലും വന്‍തുക പാരിതോഷികം നല്‍കണമെന്നതായിരുന്നു അവസ്ഥ.

 

ഗുണ്ടാ സ്‌റ്റൈലിലുള്ള കാവല്‍ക്കാരുള്ള വീട്ടിലേക്കാണെങ്കില്‍ ആര്‍ക്കും പ്രവേശനവുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കടവിലെ ദിലീപിന്റെ വീടിരിക്കുന്ന സ്ഥലത്ത് പുറമ്പോക്ക് സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്ന് റവന്യു സംഘത്തിനൊപ്പമെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയതിന്റെ പേരില്‍ ഭീഷണി ഉയര്‍ത്താനും താരത്തിന്റെ അനുചരന്മാരുണ്ടായിരുന്നു.

സ്‌ക്രീനില്‍ നായകനായ താരം പുറമെ ക്രൂരനായ വില്ലനായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് കേരള ആക്ഷന്‍ ഫോഴ്‌സുമായി ചേര്‍ന്ന് നിര്‍ദ്ധനര്‍ക്ക് വീടുവച്ച് നല്‍കുന്ന പദ്ധതി ദിലീപിന്റെ നേതൃത്വത്തിലുള്ള ജി.പി ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചിരുന്നു. 1000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇതുവരെ ആകെ നിര്‍മ്മിച്ച് നല്‍കിയത് നാല് വീടുകള്‍. ചങ്ങനാശേരി, മാവേലിക്കര, കോതമംഗലം എന്നിവിടങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. ദിലീപിന്റെ ഭാഗത്ത് നിന്നും നാളിതുവരെയുണ്ടായ സേവന പ്രവര്‍ത്തനമാണിത്.

റിമാന്‍ഡിലായ സിനിമാതാരം ദിലീപിനെതിരെ പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തു വരികയുണ്ടായി . ഒന്നര പതിറ്റാണ്ട് മുമ്പ് ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലെ വീടിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയ കരാറുകാരന് ദിലീപ് കാരണം നഷ്ടമായത് ലക്ഷങ്ങളാണ്. കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ നീറിക്കോട് സ്വദേശി ഫിലിപ്പ് മേലേത്താണ് ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

അറസ്റ്റിലായതോടെ ഫാന്‍സുകാര്‍ മാത്രമല്ല, സ്വന്തം നാട്ടുകാര്‍ കൂടി കൈയ്യൊഴിഞ്ഞ അവസ്ഥയിലായിലാണിപ്പേള്‍ താരം. അറസ്റ്റിലായ ദിലീപിനെ തിങ്കളാഴ്ച രാത്രി ആലുവ പൊലീസ് കഌില്‍ എത്തിച്ചതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ദിലീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ദിലീപുമായി നേരിട്ട് പരിചയമുള്ളവര്‍ പോലും പരസ്യമായി എതിര്‍ക്കുന്ന കാഴ്ച്ചയാണ് ഉണ്ടായത്. ഇത്രക്രൂരത കാട്ടിയ ദിലീപ് ആലുവയ്ക്ക് അപമാനമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇത്രയും കാലം കൃത്രിമ ചിരിതൂകി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു ദിലീപെന്നും ഇവര്‍ പറയുന്നു.