പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍; 599 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ജിബി

single-img
12 July 2017

കൊല്ലം: 599 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. രണ്ട് എംബിപിഎസ് വേഗത്തില്‍ എത്ര ജിബി വേണമെങ്കിലും ഉപയോഗിക്കാം. നിലവില്‍ 1199 രൂപയുടെ കോംബോ പ്ലാനിലായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്. ഇതുള്‍പ്പെടെ വിവിധ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ നിരക്കില്‍ ബിഎസ്എന്‍എല്‍ കുറവു വരുത്തി.

599 രൂപയുടെ പുതിയ പ്ലാനിലേക്കു നിലവിലുള്ള ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കും മാറാം. ലാന്‍ഡ് ഫോണില്‍ ലഭ്യമാകുന്ന രാത്രികാല സൗജന്യ കോള്‍ സൗകര്യവും ഞായറാഴ്ചകളിലെ 24 മണിക്കൂര്‍ സൗജന്യവും ഈ പ്ലാനിലും ലഭിക്കും. ഇതു കൂടാതെ 675 രൂപയുടെ പ്ലാനില്‍ നാല് എംബിപിഎസ് വേഗത്തില്‍ അഞ്ചു ജിബി ലഭിച്ചിരുന്നതു 10 ജിബി വരെയും 999 രൂപയുടെ പ്ലാനില്‍ നാല് എംബിപിഎസ് വേഗത്തില്‍ 20 ജിബി ലഭിച്ചിരുന്നതു 30 ജിബി വരെയുമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കള്‍ക്കു മാത്രമുള്ള 650 രൂപയുടെ പ്ലാനില്‍ നിലവിലെ അഞ്ചു ജിബിക്കു പകരം രണ്ട് എംബിപിഎസ് വേഗത്തില്‍ 15 ജിബി ലഭിക്കും.

അതേസമയം നഗരപ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കു നിലവിലെ 240 രൂപയുടെ മാസ ബില്ലിനൊപ്പം ഒന്‍പതു രൂപ അധികം നല്‍കിയാല്‍ ഒരു വര്‍ഷത്തേക്ക് രണ്ട് എംബിപിഎസ് വേഗത്തില്‍ അഞ്ചു ജിബി വരെ ഉപയോഗിക്കാം. കോംബോ 249 എന്ന ഈ പ്ലാനില്‍ അഞ്ചു ജിബി ഉപയോഗത്തിനു ശേഷം വേഗത ഒരു എംബിപിഎസ് ആയി കുറയും.

ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് 220 രൂപ പ്രതിമാസ ബില്ലില്‍ 29 രൂപയും 180 രൂപ പ്രതിമാസ ബില്ലില്‍ 69 രൂപയും അധികം നല്‍കിയാല്‍ ഇതേ പ്ലാന്‍ ഉപയോഗിക്കാം. ഒരു വര്‍ഷത്തിനു ശേഷം 449 രൂപയുടെ പ്ലാനിലേക്ക് ഇതു മാറും. ബിഎസ്എന്‍എല്‍ പ്രീപെയ്ഡ്‌പോസ്റ്റ് പെയ്ഡ് നമ്പറുകള്‍ ആധാറുമായി യോജിപ്പിക്കാനുള്ള നടപടികള്‍ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇതു വരെ 1.5 ലക്ഷം ഉപയോക്താക്കള്‍ ആധാറുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു.