പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ പാടില്ല: അമര്‍ത്യാസെന്നിന്റെ പരാമര്‍ശങ്ങള്‍ക്ക് കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്

single-img
12 July 2017

ന്യൂഡല്‍ഹി: നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിന്റെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്. ‘ദ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന ഡോക്യുമെന്ററിക്കെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്. ഡോക്യുമെന്ററിയിലെ ‘ഗുജറാത്ത്’, പശു, ഇന്ത്യയെക്കുറിച്ചുള്ള ഹിന്ദുത്വ കാഴ്ചപ്പാട് എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാവായ സുമന്‍ ഘോഷിനെ അറിയിച്ചത്. ഇതിന് തയ്യാറല്ലെങ്കില്‍ സംവിധായകന് പുനപരിശോധനയ്ക്ക് സമീപിക്കാം. അതിലും അനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കേണ്ടിവരും. അതേസമയം ഇക്കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സര്‍ക്കാരിന് ഡോക്യുമെന്ററിക്കുറിച്ച് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് അമര്‍ത്യസെന്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ അഭിപ്രായം പറയേണ്ടത് നിര്‍മാതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കുമെന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നിര്‍മാതാവായ സുമന്‍ ഘോഷ് പറഞ്ഞു. മാത്രമല്ല തടസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഡോക്യുമെന്ററി ഓണ്‍ലൈനില്‍ കൂടി റിലീസ് ചെയ്യുമെന്നും സുമന്‍ ഘോഷ് വിശദീകരിച്ചു. 15 വര്‍ഷത്തോളമെടുത്താണ് സുമന്‍ ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. അമര്‍ത്യാസെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയും സാമ്പത്തിക വിദഗ്ധനുമായ കൗശിക് ബസുവും തമ്മിലുള്ള സംഭാഷണമാണ് പ്രധാനമായും ഉള്ളത്.