‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ്; ‘സ്ത്രീയുടെ മാനത്തിന് വിലപറയുന്ന മാഫിയകള്‍ കലാമേഖലയില്‍ ആവശ്യമില്ല’

single-img
11 July 2017


നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ താര സംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്നും വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഗൂഡാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അമ്മ എന്ന സംഘടന നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ മാനത്തിനു വില പറയുന്ന മാഫിയാ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്നും ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണം. അവിടെ നടക്കുന്നു എന്നു പറയപ്പെടുന്ന മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ചടക്കം സമഗ്രമായ ഒരു അന്വേഷണത്തിനുള്ള അവസരമാണിതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ടതു മുതല്‍ നടന്‍ ദിലീപിനെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടായിരുന്നു താരസംഘടന കൈക്കൊണ്ടത്. 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ദിലീപിന്റെ അറസ്റ്റിലേക്കു നീങ്ങുമെന്നുറപ്പായതോടെ ദിലീപിനെ പിന്തുണച്ചുകൊണ്ട് സംഘടന രംഗത്തു വന്നിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായൊരു പ്രസ്താവനയും നടത്താന്‍ സംഘടന തയ്യാറായതുമില്ല.