ദിലീപിനെ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം: ‘പ്രത്യേകമായ പരിഗണന നല്‍കരുത്’

single-img
11 July 2017

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിനെ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം. ജയിലിനുള്ളില്‍വെച്ച് മറ്റു തടവുകാരാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ദിലീപിന് ജയിലിനുള്ളില്‍ പ്രത്യേകമായ മറ്റെന്തെങ്കിലും പരിഗണന നല്‍കാനാകില്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. മറ്റ് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ മാത്രമെ ദിലീപിന് നല്‍കാനാകുവെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രാവിലെ ആറരയോടെയാണ് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. ഐപിസി 120 ബി വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. ദിലീപിനു വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറാണ് ഹാജരായത്.

നടനെതിരെ ഗൂഢാലോചനാക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ ജാമ്യത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അങ്കമാലി കോടതിയാകും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയെന്നും രാംകുമാര്‍ വ്യക്തമാക്കി. പോലീസ് പറഞ്ഞ 19 തെളിവുകളില്‍ പലതും കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടെന്നുള്ള ഏറെ നിര്‍ണായകമായ സാക്ഷിമൊഴിയാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും സുനി നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് സന്നദ്ധത അറിയിച്ചിരുന്നുവെന്നുമുള്ള വിവരങ്ങളും ഇതിനിടെ പുറത്തു വന്നു.

ഇതിനിടെ, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞു. അങ്കമാലി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ നടനെ ജയിലിലേക്ക് മാറ്റുന്നതിനായി പോലീസ് വാനിനുള്ളിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞ ദിലീപ് കേസുമായി ബന്ധപ്പെട്ട് തന്നെ ക്രൂശിക്കുകയാണെന്നും വ്യക്തമാക്കി. നടനെ ഹാജരാക്കിയ, അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും ആലുവ സബ്ജയിലിനു മുന്നിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.