Kerala

ദിലീപിനെ കുടുക്കിയത് കേരള പോലീസിന്റെ തന്ത്രപരമായ നീക്കം; തുമ്പുണ്ടാക്കാന്‍ കാത്തിരുന്നത് 81 ദിവസം

കൊച്ചി: കേരളാ പൊലീസിന്റെ കേസന്വേഷണ ചരിത്രത്തിലെ അഭിമാന നിമിഷമായിരുന്നു നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കുറ്റത്തിന് ഇന്നലെ ആവുവയില്‍ വെച്ച് നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതിയായ പള്‍സറും കൂട്ടാളികളും പിടിയിലായതോടെ അവസാനിച്ചെന്നു കരുതിയ കേസാണ് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്ക് എത്തിച്ചത്.

ഐജി ദിനേശ് കശ്യപിന്റെ നേതൃതത്തിലുള്ള പൊലീസ് സംഘം പരസ്പര ബന്ധമില്ലാത്ത തെളിവുകളുമായി കുറ്റകൃത്യത്തിന്റെ സൂത്രധാരനായ നടന്‍ ദിലിപിനു ചുറ്റും വല നെയ്തു കാത്തിരുന്നത് 81 ദിവസം. നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ദിലീപ് അടക്കമുള്ള പ്രതികളെ തെറ്റിദ്ധരിപ്പിച്ച കേരളാ പൊലീസിന്റെ അന്വേഷണ വിജയത്തുടക്കം ‘കേസില്‍ ഗൂഢാലോചന’യില്ലെന്ന തന്ത്രപരമായ പ്രഖ്യാപനത്തിലൂടെ ആയിരുന്നു.

അറസ്റ്റിലായ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു പുറത്തു വരാതിരിക്കേണ്ടതു കേസിലെ ഗൂഢാലോചന തെളിയാന്‍ നിര്‍ണായകമാണെന്നു വിലയിരുത്തിയ അന്വേഷണ സംഘം അറുപതു ദിവസം കഴിയും മുന്‍പ് ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം എടുത്തു. റിമാന്‍ഡിലായ പ്രതികള്‍ക്കു സോപാധിക ജാമ്യം ലഭിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ജയിലില്‍ സുനിയെ പരമാവധി നിസഹായനും നിരാശനുമാക്കിയാല്‍ കുറ്റകൃത്യത്തിനു ക്വട്ടേഷന്‍ നല്‍കിയവരെ ബന്ധപ്പെടാന്‍ ശ്രമിക്കുമെന്ന അനുമാനത്തിലാണു പൊലീസ് ഇങ്ങനെ ചെയ്തത്. ജയിലിനുള്ളിലും പ്രതികളെ കുരുക്കാനുള്ള അണിയറ ഒരുക്കങ്ങള്‍ പൊലീസ് ചെയ്തിരുന്നു.

ഇതിനിടയില്‍ ജയിലിനുള്ളിലെ കോയിന്‍ ബൂത്തില്‍ നിന്നു സുനിയുടെ ആദ്യ ഫോണ്‍ വിളി പുറത്തേക്കു പോയത് പൊലീസ് കണ്ടെത്തി. ദിലിപിന്റെ അടുപ്പക്കാരനാണ് ഈ വിളി പോയത്. ദിലീപ്, അപ്പുണ്ണി, നാദിര്‍ഷാ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ക്കു വേണ്ടിയാണ് സുനി വിളിച്ചതെന്നു വ്യക്തമായതോടെ ഇവര്‍ മൂന്നുപേരും പൊലീസിന്റെ നിരീക്ഷണത്തിലായി. പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിച്ചതായി തെറ്റിദ്ധരിച്ച ദിലീപും സംഘവും നേരത്തെ തീരുമാനിച്ച അമേരിക്കന്‍ സന്ദര്‍ശനത്തിനു തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഈ ഫോണ്‍വിളികള്‍.

പക്ഷേ ദിലീപിന്റെ ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന സിനിമയില്‍ കാക്കി വേഷത്തില്‍ തലകാണിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വഴി പൊലീസിന്റെ നീക്കം ചോര്‍ന്നു. ഇതിനിടയില്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്തും വാട്‌സാപ്പില്‍ ദിലീപിനു ലഭിച്ചു. ദിലീപിനെ കേസിലേക്ക് എത്തിക്കുന്നതായിരുന്നു പള്‍സര്‍ സുനി എഴുതിയ ഈ കത്ത്. കത്ത് പുറത്തുവന്നതിനെ തുടര്‍ന്ന് എല്ലാ സംശയദൃഷ്ടികളും ദിലീപിലേക്ക് നീണ്ടു. ചേട്ടന്‍ എല്ലാം ആലോചിച്ചു ചെയ്യണമെന്നും ചേട്ടന്‍ ഞാന്‍ ഇതുവരെ കൈവിട്ടിട്ടില്ലെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

തുടര്‍ന്നു വേഗത്തിലായിരുന്നു ദിലീപിന്റെ നീക്കം. ജയിലില്‍ കഴിയുന്ന പ്രതി സുനില്‍ കുമാറും കൂട്ടുപ്രതികളും പണത്തിനു വേണ്ടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി ഏപ്രില്‍ 20 നു ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കി. തന്ത്രപരമായിരുന്ന ഈ നീക്കമാണ് തിരിച്ചടിച്ചത്. പരാതിക്കൊപ്പം സമര്‍പ്പിച്ച ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ദിലീപിനെ കുഴിയില്‍ ചാടിച്ചത്.

പള്‍സര്‍ സുനിയുടെ സുഹൃത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന ആരോപണവുമായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും രംഗത്തെത്തി. പണം മോഹിച്ചാണ് പള്‍സര്‍ കത്തയച്ചതെന്നും സുഹൃത്ത് വഴി ഫോണ്‍ വിളിച്ചതെന്നും നാദിര്‍ഷായുടെ പ്രതികരണം.
ഇതു സംബന്ധിച്ച് എഡിജിപിക്ക് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും നാദിര്‍ഷ ചൂണ്ടിക്കാട്ടി. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍താരം, മുന്‍നിര നിര്‍മ്മാതാവ്, പ്രമുഖ നടി എന്നിവര്‍ കേസില്‍ ദിലീപിന്റെ പേരു പറയാന്‍ പണം വാഗ്ദാനം ചെയ്‌തെന്നു പരാമര്‍ശിക്കുന്ന ശബ്ദരേഖ ദിലീപും നാദിര്‍ഷായും ചേര്‍ന്നു വ്യാജമായി ഒരുക്കിയതാണെന്നു കണ്ടെത്തിയതോടെ പൊലീസ് കുരുക്കു മുറുക്കി.

അതിനു ശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ വീട്ടിലും സ്വകാര്യ സ്ഥാപനത്തിലും പൊലീസ് റെയ്ഡ്. വീട്ടില്‍ ആളില്ലാത്തതിനാല്‍ പൊലീസ് തിരിച്ചുപോയി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ‘ലക്ഷ്യ’ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന പള്‍സറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുകയും മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.

പിന്നീട് പള്‍സര്‍ സുനി ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ ചിത്രവും പുറന്നു വന്നു. ഇതോടെ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന ദീലീപിന്റെ വാദം പൊളിയുകയായിരുന്നു. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനിലാണ് പള്‍സര്‍ സുനി എത്തിയത്. തുടര്‍ന്ന് ലൊക്കേഷനിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ പള്‍സറിനെ ഡ്രൈവറായി ലൊക്കേഷനില്‍ നിയമിച്ചിട്ടില്ലെന്ന് സിനിമയുടെ സംവിധായകന്‍. പക്ഷേ പള്‍സര്‍ ദിലീപിന്റെ സെറ്റിലെത്തിയത് ഡ്രൈവറായാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി.

പക്ഷേ മലയാള സിനിമയെ ഞെട്ടിച്ച കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ തകര്‍ന്നടിഞ്ഞത് രണ്ടു ദിവസങ്ങളിലായി പൊലീസ് അതി വിദഗ്ദ്ധമായി നടത്തിയ 25 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍. ജൂണ്‍ 28 ന് 13 മണിക്കൂറും ഇന്നലെ 12 മണിക്കൂറുമാണ് ചോദ്യം ചെയ്യല്‍ നടന്നത്. പ്രതിയുടെ മൊഴികള്‍ വിശ്വസിക്കുന്ന തരത്തില്‍ പെരുമാറി പൊലീസ് നടത്തിയ ‘റെയ്ഡ് മെത്തേഡി’ലുള്ള ചോദ്യം ചെയ്യല്‍ മുറയാണ് ദിലീപിനെ വീഴ്ത്തിയത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഐജി ദിനേശ് കശ്യപാണു ഇന്നലെ നടത്തിയ നിര്‍ണായക ചോദ്യം ചെയ്യലിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. ജൂണ്‍ 28 നു നടത്തിയ ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും ചോദ്യാവലി തയ്യാറാക്കിയത് ഐജി: കശ്യപായിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരാതിരിക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയത് സിഐ ബൈജു പൗലോസിന്റെ ചുമതലയിലായിരുന്നു. ജയില്‍ കേന്ദ്രീകരിച്ചു പ്രതികളുടെ നീക്കങ്ങള്‍ ചോര്‍ത്തിയതും തെളിവുകള്‍ ശേഖരിച്ചതും ബൈജുവാണ്.

നടി ഉപദ്രവിക്കപ്പെട്ട സംഭവം എപ്പോഴാണ് അറിഞ്ഞത്, ആരാണ് പറഞ്ഞത്? പൊലീസിന്റെ ഈ ചോദ്യത്തിനു ദിലീപ് പറഞ്ഞത് ‘ഫെബ്രുവരി 18നു രാവിലെ നിര്‍മാതാവ് ആന്റോ ജോസഫ് ഫോണില്‍ വിളിച്ചു വിവരം പറഞ്ഞപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്’. പിന്നീട് ആന്റോജോസഫിന്റെ മൊഴി രേഖപ്പെടുത്തിയ സന്ദര്‍ഭത്തില്‍ ഇക്കാര്യം പൊലീസ് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതാണ് ‘സംഭവം നടന്ന 17 നു രാത്രി 11.30 നു വിവരം അറിയിക്കാന്‍ പലതവണ ദിലീപിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിറ്റേന്നു രാവിലെ 9.30നു തിരികെ വിളിച്ചപ്പോള്‍ കാര്യം പറഞ്ഞു; തിരികെ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു’ എന്നായിരുന്നു.

എന്നാല്‍ രാവിലെ 9.30നു ദിലീപിന്റെ ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം 12 സെക്കന്‍ഡ് മാത്രമെന്നു പൊലീസ് മനസിലാക്കിയതോടെ ദിലീപിന്റെ മൊഴികള്‍ പൊളിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ആദ്യമായി അറിഞ്ഞത് രാവിലെ 9.30ന് ആന്റോ വിളിച്ചപ്പോള്‍ ആണെങ്കില്‍ ആ സംഭാഷണം 12 സെക്കന്‍ഡില്‍ അവസാനിക്കുമായിരുന്നില്ല എന്നു പൊലീസ് അനുമാനിച്ചു. തിരികെ വിളിച്ചില്ലെങ്കില്‍ ആന്റോജോസഫ് സംശയിക്കാന്‍ സാധ്യതയുള്ളതിനാലാണു പേരിനെങ്കിലും വിളിക്കുകയും പെട്ടെന്നു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തത് എന്നീ നിഗമനങ്ങളിലും പൊലീസ് എത്തി. ഇതോടെ ദിലീപിലേക്കുള്ള സംശയത്തിന്റെ കണ്ണികള്‍ മുറുകയായിരുന്നു.

കേസില്‍ ദിലീപ് കുരുങ്ങുമെന്ന് ഉറപ്പായതോടെ മലയാളത്തിലെ മറ്റൊരു മുന്‍നിര താരവും രണ്ടു നടന്മാരും ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ചരടുവലി നടത്തി. പക്ഷേ നടി ആക്രമിക്കപ്പെട്ട ശേഷവും വുമണ്‍ ഇന്‍ കളക്ടീവ് സിനിമ രൂപീകരിച്ച ശേഷവും ചേരുന്ന ‘അമ്മ’യുടെ നിര്‍ണായകമായ ജനറല്‍ ബോഡി യോഗത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഇവരുടെ നീക്കത്തെ ദുര്‍ബലമാക്കി.

റിമ കല്ലിങ്കലും രമ്യാ നമ്പീശനുമടക്കമുള്ള താരങ്ങള്‍ക്ക് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷ. എന്നാല്‍ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയാണ് അമ്മയിലെ അംഗങ്ങള്‍ ചെയ്തത്. അമ്മ ഒറ്റക്കെട്ടാണെന്നും ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും ഗണേശ് കുമാര്‍. പക്ഷേ ഇതോടെ സിനിമാ മേഖലയിലുള്ളവര്‍ പോലും അമ്മയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.

ഇതിനു ശേഷമായിരുന്നു ഇന്നസെന്റിന്റെ വിവാദ പ്രസ്താവന. നടികള്‍ ഇപ്പോള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ചില മോശം ആള്‍ക്കാര്‍ക്ക് കിടക്ക പങ്കിടേണ്ടി വരുമെന്നും ഇന്നസെന്റിന്റെ പ്രസ്താവന. തുടര്‍ന്ന് നടികളുടെ സംഘടന ഇന്നസെന്റിനെതിരെ രംഗത്തു വന്നതോടെ അമ്മ പ്രസിഡന്റിന് മാപ്പ് പറയേണ്ടി വന്നു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്നസെന്റിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം. കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്‍, മിമിക്രി കലാകാരന്‍ കലാഭവന്‍ പ്രസാദ്, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരെ പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടു കൂടി എല്ലാ നാടകീയ രംഗങ്ങളും ക്ലൈമാക്‌സിലെത്തുന്നു. വൈകുന്നേരം 6.30ന് ദിലീപ് അറസ്റ്റിലായി. ഈ വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. രാവിലെ മുതല്‍ രഹസ്യ കേന്ദ്രത്തില്‍വെച്ചു നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കാലത്ത് ദിലീപിനെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. വൈകുന്നേരത്തോടെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും ക്വട്ടേഷന്‍ നല്‍കിയത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. ദിലീപിന്റെ പരാതിയില്‍ ഏപ്രില്‍ 20 നു തുടങ്ങിയ നിര്‍ണായകമായ അന്വേഷണമാണു 81ാം ദിവസം ഇന്നലെ ദിലീപിന്റെ അറസ്റ്റില്‍ എത്തിയത്.