ദിലീപിന്റെ അറസ്റ്റ്: കുറ്റം ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

single-img
11 July 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചെയ്തവര്‍ ആരായാലും പിടിയിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിലീപിന്റെ അറസ്റ്റില്‍ ‘നന്നായി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. കേസില്‍ ഗൂഢാലോചനയില്ല എന്ന് നേരത്തേ പറഞ്ഞതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു.

കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് മാത്രമേ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ കഴിയൂ. ആദ്യഘട്ടത്തിലെ നിര്‍ദേശം തെറ്റ് ചെയ്തവന്‍ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യണം എന്നായിരുന്നുവെന്നും അതിനായിരുന്നു പ്രാധാന്യം നല്‍കിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ പെടുമെന്ന് ഉറപ്പിക്കാവുന്നതാണ്. നേരത്തേയുള്ള ഡി.ജി.പിയോടും ഇപ്പോള്‍ തുടരുന്ന ഡി.ജി.പിയോടും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ തന്നെയാണ് പോലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.