ദിലീപിന് പിന്തുണയുമായി പി.സി ജോര്‍ജ്: ‘കേസ് കെട്ടിച്ചമച്ചത്, ദിലീപിനെ ബലിയാടാക്കി’

single-img
11 July 2017

കോട്ടയം: നടന്‍ ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് ജോര്‍ജ് ചോദിച്ചു.

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാന്‍ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന നാണം കെട്ടവന്‍മാരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

രാഷ്ട്രീയ കളിയാണ് അറസ്റ്റ്. കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരും. പിണറായി വിജയനും നടനെ ഉപേക്ഷിച്ച് പോയ സ്ത്രീയും ഒരുമിച്ച് വേദി പങ്കിട്ടതിന് ശേഷമാണല്ലോ ഗൂഢാലോചന ഉയര്‍ന്ന് വന്നത്. എത്രയോ സ്ത്രീകള്‍ പീഡനത്തിന് ഇരകളാകുന്നുണ്ട്. അപ്പോഴെന്നും സിന്ദാബാദ് വിളിക്കാന്‍ ആരെയും കണ്ടില്ലല്ലോ എന്നും പി.സി ജോര്‍ജ് പറഞ്ഞു.