ഖേദം പ്രകടിപ്പിച്ച് മുകേഷ്: ‘ദിലീപ് പറഞ്ഞത് സത്യമെന്ന് കരുതി സഹോദരനെ പോലെ വിശ്വസിച്ചു’

single-img
11 July 2017

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്. ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയി. താനങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. തന്നെ വിശ്വസിക്കണം എന്നാണ് ദിലീപ് പറഞ്ഞത്. അത് വിശ്വസിച്ച് കൂടെ നില്‍ക്കുകയായിരുന്നു. എന്നാല്‍ കേസില്‍ പ്രതിയാണെന്ന് തെളിഞ്ഞതിനുശേഷം തന്റെ പാര്‍ട്ടിയും അമ്മ എന്ന സംഘടനയും ദിലീപിനെതിരെ നടപടി എടുത്തുവെന്നും മുകേഷ് വ്യക്തമാക്കി.

കഴിഞ്ഞ യോഗത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചതിന് ഖേദം പ്രകടിപ്പിക്കുന്നതായും മുകേഷ് പറഞ്ഞു. താന്‍ ഇപ്പോഴും ഷോക്കിലാണ്, സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കില്ലന്നും മുകേഷ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിളിപ്പിച്ചതനുസരിച്ച് എത്തിയ മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നു. എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണ്. സംഭവത്തിനു ശേഷം നടിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും പരാതിയോ സംശയമോ ഉണ്ടോ എന്ന് നടിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.