Latest News

മൗനം വെടിഞ്ഞ് സൂപ്പര്‍ താരങ്ങള്‍; സിനിമാരംഗത്ത് ക്രിമിനലുകള്‍ ഉണ്ടാകുന്നത് നാണക്കേടെന്ന് മമ്മൂട്ടി

കൊച്ചി: സിനിമാരംഗത്ത് ക്രിമിനലുകള്‍ ഉണ്ടാകുന്നത് നാണക്കേടാണെന്ന് നടന്‍ മമ്മൂട്ടി. തന്റെ വീട്ടില്‍ നടന്ന താരസംഘടനയായ അമ്മയുടെ പ്രത്യേക എക്‌സിക്യുട്ടീവ് യോഗത്തിനുശേഷമായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായപ്രകടനം. മേലില്‍ ഇത്തരം ക്രിമിനലുകള്‍ സിനിമാരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ അമ്മ ശ്രമിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ സിനിമാരംഗത്തുള്ള എല്ലാവരെയും തിരിച്ചറിയാനും പരിശോധിക്കാനും ഒരു സംഘടന എന്ന നിലയില്‍ അമ്മയ്ക്ക് കഴിയില്ല. അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണ്ടിവന്നാല്‍ സംഘടനയില്‍ ഒരു അഴിച്ചുപണി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും മോഹന്‍ലാല്‍, രമ്യ നമ്പീശന്‍, ദേവന്‍, ആസിഫ് അലി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ട മമ്മൂട്ടി പറഞ്ഞു.

‘നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായത് കൊണ്ടും ആക്രമിക്കപ്പെട്ടത് സംഘടനയുടെ ഒരംഗമായത് കൊണ്ടും ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം നടക്കുന്നത് കൊണ്ടാണ് ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാതിരുന്നത്. അന്വേഷണം നടത്തേണ്ടതും നടപടി കൈക്കൊള്ളേണ്ടതും പോലീസാണ്. ഇക്കാര്യത്തില്‍ അമ്മയ്ക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

സംഘടന എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു. ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യമുണ്ട്. നടിക്ക് വേണ്ട എല്ലാ പിന്തുണയും സഹായവും സംഘടനയും അംഗങ്ങള്‍ വ്യക്തിപരമായും നല്‍കിയിട്ടുണ്ട്. അത് തുടര്‍ന്നും നല്‍കും. അമ്മ അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച സംഘടനയാണ്. അതിന് ഏതെങ്കിലും ഒരു പ്രത്യേക പക്ഷത്തോട് പ്രതിപത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിലും മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. ആരും സംഘടനയെ തെറ്റിദ്ധരിക്കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചില അംഗങ്ങള്‍ യാദൃശ്ച്യാ ക്ഷുഭിതരായതാണെന്നും ഇതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും’ മമ്മൂട്ടി പറഞ്ഞു.

അമ്മ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം അലങ്കോലമാവുകയും ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ്‌കുമാറും പരസ്യ രോഷപ്രകടനത്തിലേക്കും തട്ടിക്കയറലിലേക്കും നീങ്ങിയപ്പോഴും ഇളകാതെ നിന്നവരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ജനറല്‍ സെക്രട്ടറിയെന്ന സുപ്രധാന പദവിയിലുളള മമ്മൂട്ടിയും വൈസ് പ്രസിഡന്റായ മോഹന്‍ലാലും വാര്‍ത്താ സമ്മേളനം അലങ്കോലമായപ്പോഴും ഇരുവശത്ത് നിന്നും മുതിര്‍ന്ന താരങ്ങള്‍ അക്ഷോഭ്യരായപ്പോഴും സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കൂക്കിവിളിച്ചപ്പോഴും മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മൗനം വെടിഞ്ഞിരുന്നില്ല.

മമ്മൂട്ടി മുകളിലേക്കും ചുറ്റുപാടിലേക്കും കണ്ണോടിച്ചും, ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിലും മോഹന്‍ലാല്‍ മേശയിലെ പേപ്പറില്‍ ഗൗരവസ്വഭാവത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിണ്ടാട്ടമില്ലാതെ നിന്നു. പിന്നീട് വാര്‍ത്താ സമ്മേളത്തിലെ രോഷപ്രകടനങ്ങളും മാധ്യമങ്ങള്‍ക്ക് നേരെ നടന്ന അവഹേളനവും വിവാദമായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും മൗനവും ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഇവര്‍ ഭാരവാഹികളായ താരസംഘടന നടിയെ ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാടിലെ പൊള്ളത്തരമാണ് ചോദ്യം ചെയ്യപ്പെട്ടത്. കുറ്റാരോപിതനായ ഒരാളെ ട്രഷറര്‍ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട്, ആക്രമിക്കപ്പെട്ട നടിയും ഈ നടനും അമ്മയുടെ മക്കളാണെന്നും ഒരു പോലെ അവരെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച താരസംഘടനയുടെ ഇരട്ടത്താപ്പിനേറ്റ പ്രഹരവുമായി നടന്റെ അറസ്റ്റ്.