ദിലീപിന്റെ അറസ്റ്റില്‍ തളര്‍ന്ന് കാവ്യാമാധവന്‍: അടുത്ത നീക്കം എന്ത്?

single-img
11 July 2017

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ കാവ്യാ മാധവന്റെ അവസ്ഥ ഇനിയെന്താകുമെന്ന ചോദ്യം ഉയരുന്നു. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീട്ടില്‍ ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായി കഴിയുകയാണ് കാവ്യ. നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ രാവിലെ ദിലീപിനെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചിരുത്തി പൊലീസ് ചേദ്യംചെയ്ത ശേഷം വൈകിട്ട് ആറ് മണിയോടെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ ദിലീപ് വീട്ടില്‍ നിന്നും പോകുമ്പോഴൊന്നും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭാര്യ കാവ്യ മാധവന്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ശുഭകരമായി അവസാനിക്കുമെന്ന ദിലീപിന്റെ വാക്ക് വിശ്വസിച്ചിരിക്കുകയായിരുന്നു കാവ്യ. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കേണ്ടെന്നും സിനിമാ മേഖലയിലുള്ള ശത്രുക്കളാണ് വാര്‍ത്തകള്‍ക്കെല്ലാം പിന്നിലെന്നുമാണ് കാവ്യയെ ദിലീപ് ധരിപ്പിച്ചിരുന്നത്.

എന്നാല്‍, ഇന്നലെ വൈകിട്ട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും തകര്‍ന്ന് പോയി. ദിലീപിന്റെ മാതാവ് ശ്യാമള, സിനിമാ നിര്‍മ്മാതാവ് കൂടിയായ സഹോദരന്‍ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാത്രിയും രാവിലെയുമൊന്നും വീട്ടില്‍ ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് വിവരം.

അതേസമയം കേസില്‍ ദിലീപിനു പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, അമ്മ ശര്‍മിള എന്നിവര്‍ക്കെതിരെയും കരുക്കുകള്‍ മുറുകുന്നുണ്ട്. ഇരുവരെയും പ്രതികളാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ ചോദ്യം ചെയ്തതിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നിഗമനത്തിലെത്താന്‍ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. പള്‍സര്‍ സുനി കാവ്യയും സഹോദരനും നടത്തുന്ന ലക്ഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്ന ദൃശ്യം സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നും വ്യക്തമായി. രണ്ടര ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത ഇടപാട് അന്നേ ദിവസം പൊലീസ് ഇവിടെ നിന്നും കണ്ടെത്തിയതായും സൂചനകളുണ്ട്.

ഇതിനെല്ലാം കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാവ്യക്കും അമ്മക്കുമെതിരെയുള്ള കരുവാകും. കാവ്യയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെങ്കില്‍ സഹോദരനും മറുപടി പറയേണ്ടി വരും. ഒരു ഗൂഢാലോചനയിലും തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കാവ്യയുടെ കുടുംബം തറപ്പിച്ച് പറയുന്നതെങ്കിലും പൊലീസ് അത് മുഖവിലക്കെടുത്തിട്ടില്ല. അതേസമയം ദിലീപ് അറസ്റ്റിലായതോടെ ഈ പ്രശ്‌നങ്ങളെല്ലാം എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് കാവ്യ ഇപ്പോള്‍.

അതേസമയം, അറസ്റ്റ് വിവരം അറിഞ്ഞയുടന്‍ ആദ്യഭാര്യ മഞ്ജുവാര്യര്‍ പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു മഞ്ജു. വാര്‍ത്ത വന്ന ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി വച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.