ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

single-img
11 July 2017


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ തിരഞ്ഞെടുത്തു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 18 പാര്‍ട്ടികളും ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് മുന്നോട്ട് വയ്ക്കുകയും ഒന്നായ തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നു.

കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി, മന്‍മോഹന്‍ സിങ്, സീതാറാം യെച്ചൂരി, ഒമര്‍ അബ്ദുള്ള, നരേഷ് അഗര്‍വാള്‍, സതീഷ് ചന്ദ്ര മിശ്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതില്‍ നിന്ന് മാറി നിന്ന ജെഡിയു, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ജെഡിയു പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ജെഡിയുവിനെ പ്രതിനീധികരിച്ച് ശരത് യാദവാണ് യോഗത്തില്‍ പങ്കെടുത്തത്.