ഇന്ത്യന്‍ കോച്ച് ആരെന്നറിയാന്‍ ഇനിയും കാത്തിരിക്കണം; തീരുമാനം കോഹ്ലിയുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷമെന്ന് ഗാംഗുലി

single-img
11 July 2017

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്റെ തൊപ്പി ആരണിയുമെന്ന് കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനിയും കാത്തിരിക്കണം. പുതിയ കോച്ചിനെ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ക്രിക്കറ്റ് ഉപദേശക സമിതി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഇന്ത്യന്‍ ക്യാപ്്റ്റന്‍ വിരാട് കോഹ്‌ലിയുമായി ചര്‍ച്ച നടത്തിയ ശേഷമെ പരിശീലകന പ്രഖ്യാപിക്കാനാകൂവെന്ന് ക്രിക്കറ്റ് ഉപദേശക സമിതി അംഗവും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശകസമിതി അപേക്ഷകരുമായി അഭിമുഖം നടത്തി.

സച്ചിന്‍ സ്‌കൈപ് വഴിയാണ് അഭിമുഖത്തിന്റെ ഭാഗമായത്. പത്ത് പേര്‍ അയച്ച അപേക്ഷയില്‍ നിന്ന് അഞ്ച് പേരെ മാത്രമാണ് ഉപദേശകസമിതി അഭിമുഖത്തിന് ക്ഷണിച്ചത്. രവിശാസ്ത്രി, വീരേന്ദ്രര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ ചന്ദ് രജ്പുത് എന്നിവരുമായി ഉച്ചക്ക് ആരംഭിച്ച അഭിമുഖം വൈകുന്നേരം വരെ നീണ്ടു. ഓരോരുത്തരുമായി രണ്ടുമണിക്കൂറോളം ചര്‍ച്ച നടത്തി.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ലണ്ടനില്‍ തങ്ങുന്ന രവി ശാസ്ത്രി സ്‌കൈപ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. രവിശാസ്ത്രിക്കാണ് സാധ്യത കല്‍പ്പിക്കുന്നതെങ്കിലും സെവാഗിനെ പരിശീലകനാക്കാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സെവാഗിനെ പിന്തുണച്ചാണ് ആരാധകരുടെ പോസ്റ്റുകള്‍ കൂടുതലും. പരിശീലകനായ കുംബ്ലെ കഴിഞ്ഞ മാസം സ്ഥാനം ഒഴിഞ്ഞിരുന്നു.

ഈ ഒഴിവിലേക്കാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ക്യാപ്റ്റന്‍ കോഹ്ലിയുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ കുംബ്ലെയുടെ രാജിയിലേക്ക് നയിക്കുകയായിരുന്നു. കുബ്ലെയുടെ രാജിക്ക് മുമ്പ് തന്നെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും രാജിക്കുശേഷം അപേക്ഷ നല്‍കാനുള്ള സമയം നീട്ടി നല്‍കി. തുടര്‍ന്നാണ് രവി ശാസ്ത്രി രംഗത്തുവന്നത്.