ഒടുവില്‍ ‘അമ്മ’ മകനെ കൈവിട്ടു; ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി

single-img
11 July 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ ‘അമ്മ’ പുറത്താക്കി. സംഘടനയുടെ ട്രഷര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ദിലീപിനെ പുറത്താക്കിയത്. കടവന്ത്രയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര എക്‌സിക്യുട്ടീവിലാണ് തീരുമാനം. പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയില്‍ ആയതിനാല്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ തന്റെ നിലപാട് രാവിലെ തന്നെ മമ്മൂട്ടിയെ അറിയിച്ചിരുന്നു. ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് യോഗം തുടങ്ങിയത് മുതല്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരും സ്വീകരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. നടിക്ക് എല്ലാ നിയമ സഹായവും നല്‍കുമെന്നും താരസംഘടന അറിയിച്ചു.

ആക്രമിക്കപ്പെട്ട തങ്ങളുടെ സഹോദരിക്കൊപ്പമാണെന്നും ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയെന്നും യോഗത്തിന് ശേഷം സെക്രട്ടറി ഇടവേള ബാബു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. നടിയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച സംഘടനയിലെ ചില അംഗങ്ങളുടെ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സസ്‌പെന്‍ഷനാണോ പുറത്താക്കലാണോ വേണ്ടതെന്ന നിലയിലേക്ക് ചര്‍ച്ച പോയിരുന്നു. നടപടി വേണമെന്ന് നടന്‍ ആസിഫ് അലിയും രമ്യ നമ്പീശനും പ്രതികരിച്ചു. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ആസിഫ് അലി പറഞ്ഞു. സത്യം ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. അങ്ങനെ വിശ്വസിക്കുന്നുവെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും വേണ്ടി മാത്രമുള്ളതല്ല ‘അമ്മ’യെന്ന് ദേവന്‍ വ്യക്തമാക്കി. അവശരായ ധാരാളം കലാകാരന്‍മാര്‍ ഉണ്ടെന്നും അവര്‍ക്കുവേണ്ടിക്കൂടിയാണ് അമ്മയെന്നും ദേവന്‍ പ്രതികരിച്ചു.