ദിലീപ്-മഞ്ജു വേര്‍പിരിയലിനു പിന്നില്‍ ‘കാവ്യാ മാധവന്റെ അമ്മയുടെ ഫോണ്‍ കോള്‍’

single-img
11 July 2017

തൃശൂര്‍: ദിലീപുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള മുന്‍ ഭാര്യ മഞ്ജു വാര്യരുടെ തീരുമാനത്തില്‍ നിര്‍ണായകമായത് വെറുമൊരു ഫോണ്‍ കോള്‍. അക്രമിക്കപ്പെട്ട നടിയുടെ ഫോണിലേക്ക് വന്ന കാവ്യാ മാധവന്റെ അമ്മ ശ്യാമളയുടെ കോളാണ് ദിലീപിനെയും മഞ്ജുവിനെയും വേര്‍തിരിക്കുന്നതില്‍ പ്രധാന ഘടകമായിത്തീര്‍ന്നത്. ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് താര സംഘടനയുടെ വിദേശ പ്രോഗ്രാമിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പലരില്‍ നിന്നും കേട്ടറിഞ്ഞ മഞ്ജുവിന് ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചത് ഈ ഫോണ്‍ കോളിലൂടെയായിരുന്നു.

മറ്റു താരങ്ങള്‍ക്കൊപ്പം മുന്‍ ഭാര്യയും മകളുമൊത്ത് വിദേശത്തേക്ക് പോയ ദിലീപ് കാവ്യാ മാധവന്‍ പ്രോഗ്രാം സ്ഥലത്തെത്തുമെന്ന് മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് പെട്ടെന്നൊരു ദിവസം ഭാര്യയെയും മകളെയും നാട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. കാവ്യയും ദിലീപും താമസിച്ച മുറിക്ക് തൊട്ടടുത്തായിരുന്നു അക്രമിക്കപ്പെട്ട നടിയുടെയും മുറി. രാത്രിയില്‍ മുറിക്ക് പുറത്തിറങ്ങിയ നടി ഇരുവരെക്കുറിച്ചും അതുവരെ കേട്ടറിവു മാത്രമുണ്ടായിരുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം നേരിട്ടു കണ്ട് മനസ്സിലാക്കുകയായിരുന്നു.

തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഇക്കാര്യം മഞ്ജുവിന്റെ സുഹൃത്തുക്കളില്‍ ഒരാളും പ്രമുഖ നടന്റെ ഭാര്യയുമായ ഇപ്പോള്‍ തൃശൂരില്‍ താമസിക്കുന്ന നടിയോട് വെളിപ്പെടുത്തി. അവര്‍ ദിലീപും സുരേഷ്‌ഗോപിയും ലാലും ഒരുമിച്ചഭിനയിച്ച സിനിമയിലെ നടിയും സുഹൃത്തുമായ മറ്റൊരാളോട് പറഞ്ഞു. ഇതിനിടയില്‍ അക്രമിക്കപ്പെട്ട നടിക്ക് പുറമെ വിദേശത്ത് നടന്ന കാര്യങ്ങള്‍ കണ്ട മറ്റു പലരും കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും മഞ്ജുവിനെയും മകളെയും മനപ്പൂര്‍വ്വം നാട്ടിലേക്ക് പറഞ്ഞയച്ചതിനു പിന്നിലെ കാരണങ്ങളും സിനിമമേഖലയില്‍ പടര്‍ത്തി.

ഇതോടെ പലരില്‍ നിന്നായി കാര്യങ്ങളൊക്കെ അറിഞ്ഞ മഞ്ജു ഒരു ദിവസം അക്രമിക്കപ്പെട്ട നടിയെ നേരിട്ട് കാണാന്‍ തൃശൂരിലെ വീട്ടില്‍ ചെന്നു. ഇത്രയും പേരറിഞ്ഞിട്ടും ഇക്കാര്യം തന്നോട് അടുത്ത സുഹൃത്തായ നടി പറയാത്തതിലുള്ള വിഷമം മഞ്ജു നടിയെ അറിയിക്കുകയുണ്ടായി. ഇരുവരും നടന്ന സംഭാഷണങ്ങള്‍ക്കൊടുവില്‍ നടിയുടെ ഫോണില്‍ നിന്ന് കാവ്യയുടെ അമ്മയെ വിളിച്ചു.

അവരുടെ സംസാരം സ്പീക്കര്‍ ഫോണിലൂടെ കേട്ട മഞ്ജു എല്ലാം അറിഞ്ഞു. അവള്‍ ഇതൊന്നും ഒരിക്കലും അറിയരുതെന്നായിരുന്നു സംസാരത്തിന്റെ ഉള്ളടക്കം. ഈ സംഭാഷണം കേട്ടതിനു ശേഷം മഞ്ജു ഏറെ നേരം പൊട്ടിക്കരഞ്ഞു. ഇതിന് ശേഷമായിരുന്നു ദിലീപുമായുള്ള വിവാഹമോചനത്തിന് മഞ്ജു തയ്യാറായതെന്നാണ് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്.