‘ദിലീപ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനാകില്ല’; ‘രാമലീല’യുടെ റിലീസ് മാറ്റിയേക്കും?

single-img
11 July 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരം നായകനായി എത്തുന്ന ചിത്രങ്ങളെ കുറിച്ചുള്ള ആശങ്കയിലാണ് സിനിമാ ലോകം. ദിലീപിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരത്തിന്റെ ചിത്രങ്ങളൊന്നും അടുത്തകാലത്ത് റിലീസിനെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ജുലൈ 21 ന് തീയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രം രാമലീലയുടെ കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. ചിത്രത്തോട് പ്രേക്ഷകര്‍ ഏതുതരത്തില്‍ പ്രതികരിക്കുമെന്ന ആശയക്കുഴപ്പവും ഉയര്‍ന്നിട്ടുണ്ട്. ദിലീപ് റിമാന്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ഇന്നലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്ററന്റ് അടിച്ചു തകര്‍ത്താണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ നാട്ടുകാര്‍ തീയറ്റര്‍ അടിച്ചു തകര്‍ക്കുമോയെന്ന ആശങ്കയും ലിബര്‍ട്ടി ബഷീര്‍ പങ്കുവെച്ചിട്ടുണ്ട്. ജൂലൈ ഏഴിന് പ്രദര്‍ശനത്തിന് എത്താനിരുന്ന രാമലീല സമീപകാല സംഭവവികാസങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. രാമലീല ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളാണ് ദിലീപ് അറസ്റ്റിലായതോടെ പ്രതസന്ധിയിലായത്.

അറസ്റ്റുണ്ടായതോടെ ഷൂട്ടിങ് പുരോഗമിക്കുന്ന മറ്റു ചിത്രങ്ങളും അനിശ്ചിതത്വത്തിലായി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമാരസംഭവം, രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ഡിങ്കന്‍ ത്രിഡി എന്നിവയാണ് കുരുങ്ങി കിടക്കുന്നത്. തീയറ്റര്‍ മുന്‍കൂട്ടി ഉറപ്പിച്ച ശേഷം നിര്‍മാണം തുടങ്ങിയിരിക്കുന്ന ഈ ചിത്രങ്ങളൊക്കെ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ വലിയ നഷ്ടമായിരിക്കും സംഭവിക്കുക.