കാറുകള്‍ വാങ്ങാന്‍ ഇതിലും നല്ല സമയമില്ല: വന്‍ വിലക്കുറവ്

single-img
11 July 2017

കാറുകള്‍ക്ക് വിപണിയില്‍ വന്‍ വിലക്കുറവ്. ഓണം എത്തും മുമ്പേ വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ കാര്‍ വാങ്ങാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വാഹനനിര്‍മ്മാതാക്കള്‍. വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഹോണ്ടയുടെയും മാരുതിയുടെയുമൊക്കെ തന്നെ വിവിധ ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ എത്തി തുടങ്ങി.

ജിഎസ്ടി നിലവില്‍ വന്നതും ആഡംബര നികുതി ഒഴിവാക്കപ്പെട്ടതുമാണ് വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ പ്രമുഖ മോട്ടോര്‍ ബൈക്ക് കമ്പനികള്‍ വില കുറച്ചതിനു പിന്നാലെയാണ് കാറുകളിലും വില കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ കാറായ മാരുതി ഓള്‍ട്ടോയുടെ വിവിധ വകഭേദങ്ങള്‍ക്ക് 1612 രൂപ മുതല്‍ 3062 രൂപ വരെയും ഓള്‍ട്ടോ കെ10ന് 320 രൂപ മുതല്‍ 5203 രൂപ വരെയും കൊച്ചി ഷോറമില്‍ വില കുറയുമ്പോള്‍ ഹ്യൂണ്ടായ് ഇയോണിന് 4600 രൂപ മുതല്‍ 9000 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്.

വാഗണ്‍ ആറിന്റെ മാനുവല്‍ ഗിയര്‍ മോഡലിന്റെ എല്ലാ വേരിയന്റുകള്‍ക്കും വില അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് ഇപ്പോള്‍. 12,869 രൂപ വരെ വില കുറഞ്ഞതോടെയാണിത്. നിസാന്‍ മൈക്രോ ആക്ടിവിനും വില അഞ്ചുലക്ഷത്തില്‍ താഴെയായി. ടാറ്റ മോട്ടോഴ്‌സിന്റെ തിരിച്ചുവരവ് മോഡലായി കരുതുന്ന ടിയാഗോയ്ക്ക് 14,000 രൂപ മുതല്‍ 30,000 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്.

കൂടാതെ പുതുതായി എത്തിയ മാരുതി ഡിസയറിന് ആദ്യമാസം തന്നെ വില കുറയാന്‍ ജിഎസ്ടി വഴിയൊരുക്കി. ഏറ്റവും താഴ്ന്ന പെട്രോള്‍ വേരിയന്റിന് 7793 രൂപ കുറയുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടമാറ്റിക് പതിപ്പിന് 13,880 രൂപയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 14,784 രൂപയും കൊച്ചി ഷോറും വില കുറഞ്ഞു. പുതുമോടി മാറിയിട്ടില്ലാത്ത വിറ്റാര ബെസ്രയ്ക്ക് 9808 രൂപ മുതല്‍ 13,943 രൂപ വരെ വിലക്കുറവുണ്ട്. ജിഎസ്ടി നിലവില്‍ വന്നതോടെ 10 ലക്ഷം രൂപയ്ക്കുമേല്‍ ഷോറും വിലയുള്ള കാറുകള്‍ക്ക് ഒരു ശതമാനം തുക ആഡംബര നികുതി ജിഎസ്ടി നിലവില്‍ വന്നതോടെ ഒഴിവായിട്ടുണ്ട്.

ഇപ്രകാരം മാരുതി നെക്‌സ ഷോറും വഴി വില്‍ക്കുന്ന സിയാസ് സെഡാനിന്റെ സീറ്റ ഓട്ടമാറ്റിക് ഗിയര്‍ പതിപ്പിന് കൊച്ചി ഷോറും വില 10,33,000 രൂപയായിരുന്നത് 35,000 രൂപ കുറഞ്ഞ് 9,98000 രൂപയായി. അതോടെ 1% ആഡംബര നികുതി കുറഞ്ഞ് 10,330 രൂപയായി. ഇതിനെല്ലാം പുറമെ ഷോറും വില കുറയുമ്പോള്‍ റോഡ് നികുതിയും കുറയുന്നുണ്ട്. ഹ്യൂണ്ടായ് ഐ20 ആസ്റ്റ പെട്രോള്‍ മോഡലിന്റെ ഷോറും വില 15,458 രൂപ കുറഞ്ഞപ്പോള്‍ റോഡ് നികുതി 1237 രൂപ കുറഞ്ഞു. ഇന്‍ഷുറന്‍സ് തുകയിലും ആനുപാതിക കുറവ് വന്നിട്ടുണ്ട്. കൂടാതെ ജിഎസ്ടി നിലവില്‍ വന്നതോടെ ആഡംബര കാര്‍ വിപണിയിലും വില കുറവ് ദൃശ്യമാണ്.

ബിഎംഡബ്ല്യു 3 സീരിസിന്റെ ഷോറും വില.1.37 ലക്ഷം മുതല്‍ 2.03 ലക്ഷം വരെ കുറഞ്ഞു. ഇന്‍ഷുറന്‍സും റോഡ് നികുതിയും ഇതനുസരിച്ച് താഴുമ്പോള്‍ ഓണ്‍ റോഡ് വിലയില്‍ കുറവ് വരുന്നത് 1.65 ലക്ഷം മുതല്‍ 2.46 ലക്ഷം വരെയാണ്. 7സീരിസിന്റെ ഓണ്‍ റോഡ് വിലയില്‍ എട്ടു ലക്ഷത്തിലേറെ കുറവാണ് വന്നിരിക്കുന്നത്. ഔഡി മോഡലുകളുടെ ഷോറും വിലയില്‍ ഒന്നര ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വിലക്കുറവ്. എ3 സെഡന്റെ വില 1.92 ലക്ഷം കുറഞ്ഞു. എ8 സെഡാനു വില മൂന്നരലക്ഷം രൂപയും ക്യൂ7 എസ്‌യുവിക്ക് അഞ്ചു ലക്ഷം രൂപയും കുറവ് വന്നു. നികുതി , ഇന്‍ഷുറന്‍സ് എന്നീ ഇനത്തില്‍ കുറവ് വരുന്നത് ഇതിനെ പുറമെയും.