Entertainment

‘അമ്മ’യില്‍ നിന്നും ദിലീപിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും: ‘മകന്‍’ അറസ്റ്റിലായതോടെ ‘അമ്മ’ തെറ്റ് ഏറ്റുപറയുമോ?;

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് താര സംഘടനയായ അമ്മ. ദിലീപിനെ സംരക്ഷിച്ചു നിര്‍ത്തിയ സംഘടന അറസ്റ്റിനു ശേഷം എന്തു നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയാണെന്നു പറഞ്ഞുകൊണ്ട് ദിലീപിനെ സംരക്ഷിക്കാനായി രാഷ്ട്രീയക്കാരായ നടന്‍മാര്‍ അടക്കമുളളവര്‍ രംഗത്ത് വന്നെങ്കിലും ഇവര്‍ക്കെല്ലാം വലിയ തിരിച്ചടിയാണിപ്പോള്‍ അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്.

ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ താരസസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടിയും ദിലീപും അമ്മയുടെ രണ്ട് മക്കളും ഒരു പോലെയാണെന്നും ഇരുവരെയും സംരക്ഷിക്കുമെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. ഈ നാണക്കേട് മറയക്കാനായി അടിയന്തര നടപടി ഉണ്ടാകുമെന്നാണ് സൂചന.

നടി അക്രമിക്കപ്പെട്ടപ്പോള്‍ പേരിന് ഒരു പ്രതിഷേധ യോഗം മാത്രം നടത്തിയ അമ്മയെന്ന സംഘടന നടിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ മടിക്കുന്ന കാഴ്ചയാണ് കാണാനായത്. എന്നാല്‍ പിന്നീട് രണ്ട് മക്കളും തങ്ങള്‍ക്ക് ഒരുപോലെയാണെന്നു പറഞ്ഞുകൊണ്ട് രണ്ട് പേര്‍ക്കും പിന്തുണയുമായി ‘അമ്മ’ രംഗത്തെത്തുകയായിരുന്നു. പക്ഷേ അപ്പോഴും താരസംഘടനയുടെ ഭാഗത്തു നിന്നും ഇരയാക്കപ്പെട്ട നടിക്കു വേണ്ടി കാര്യമായ പ്രതിഷേധങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ദിലീപിനെ സംരക്ഷിച്ചു നിര്‍ത്തുക എന്നതു തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം.

ഇതിനിടയില്‍ നടിക്കൊപ്പം ആദ്യം മുതല്‍ ഉറച്ച് നിന്ന മഞ്ജുവാര്യര്‍ റിമ കല്ലിങ്കല്‍ തുടങ്ങിയ ചില നടിമാര്‍ ചേര്‍ന്ന് ‘അമ്മ’യുടെ ശക്തി കുറഞ്ഞപ്പോള്‍ സിനിമയിലെ സ്ത്രീകള്‍ക്കായി പുതിയ സംഘടനയും ഉണ്ടാക്കി. എന്നാല്‍ ദിലീപിലേക്ക് അന്വേഷണം നീണ്ടതോടെ അമ്മയുടെ സ്വഭാവം മാറി. എക്‌സിക്യൂട്ടീവിലും ജനറല്‍ ബോഡിയിലും നടിക്കുവേണ്ടി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട നടന്‍മാര്‍ ആക്രോശിച്ചത് മലയാളികള്‍ മറന്നിട്ടില്ല. മാധ്യമങ്ങളാണ് എല്ലാത്തിനും കാരണമെന്ന് എംഎല്‍എമാരായ മുകേഷും ഗണേഷും അലറിയപ്പോള്‍ എംപിയായ ഇന്നസെന്റും ഇതിന് ഒപ്പം നിന്നു.

നടിക്ക് ലഭിക്കാതിരുന്ന പിന്തുണ ചോദ്യംചെയ്യലിന് വിധേയനായ നടന് നല്‍കേണ്ടി വന്നപ്പോള്‍ ഇരുവര്‍ക്കുമുള്ള പിന്തുണയായി അതിനെ മാറ്റിയെടുത്ത് തടിതപ്പാനായിരുന്നു അമ്മ ശ്രമിച്ചത്. താരരാജാക്കന്‍മാരും ഈ വിഷയത്തില്‍ മൗനം പാലിച്ചു. അമ്മയ്ക്കുള്ളിലെ പ്രതിഷേധങ്ങളെ അതിനുള്ളില്‍ തന്നെ അടിച്ചമര്‍ത്തി എല്ലാം മാധ്യമങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ ഇത് താറുമാറായി. ഇനി മലയാളികള്‍ക്ക് അറിയേണ്ടത് തെറ്റുകള്‍ ഏറ്റുപറയാന്‍ അമ്മയെന്ന സംഘടന തയ്യാറാകുമോ എന്നാണ്.